രാഹുലിന്റെ പ്രസംഗം കേട്ടു ഞെട്ടി, പാൽ ബക്കറ്റ് താഴെ വീണു; പരാതിയുമായി ബിഹാർ സ്വദേശി

Mail This Article
പട്ന∙ തന്റെ കൈയിൽനിന്നു ഒരു ബക്കറ്റ് പാൽ നിലത്തുവീണത് രാഹുൽ ഗാന്ധി കാരണമാണെന്ന് കാട്ടി പരാതി നൽകി ബിഹാർ സ്വദേശി. രാഹുലിന്റെ പ്രസംഗം കേട്ടു ഞെട്ടിയെന്നും ലീറ്ററിന് 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് താഴെ വീണെന്നുമാണ് ഇയാളുടെ പരാതി. ആകെ 250 രൂപയുടെ നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചുനടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
സമസ്തിപുർ ജില്ലയിലെ സോനുപുർ ഗ്രാമവാസിയായ മുകേഷ് ചൗധരിയാണ് പരാതി നൽകിയത്. ‘‘ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തു. ഇപ്പോൾ നമ്മൾ ബിജെപിയുമായും ആർഎസ്എസുമായും ഇന്ത്യൻ ഭരണകൂടവുമായും പോരാടുകയാണ്’’ – രാഹുലിന്റെ ഈ പരാമർശം കേട്ടാണ് ഞെട്ടിയതെന്ന് പരാതിക്കാരനായ മുകേഷ് കുമാർ ചൗധരി പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.