കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റും?; ഒഡിഷ–ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ

Mail This Article
ഭുവനേശ്വർ ∙ ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി (ജേറാം) അടക്കമുള്ളവർ കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്തുനിന്ന് വലിയതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്ന് അധികൃതർ അറിയിച്ചു. കൂടുതൽപ്പേരുണ്ടോയെന്ന് സുരക്ഷാ സേന പരിശോധിക്കുകയാണ്. സിആർപിഎഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായാണു ഓപറേഷൻ നടത്തിയതെന്നു ഡിജിപി വൈ.ബി.ഖുറാനിയ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണു സേന ഓപറേഷൻ ആരംഭിച്ചത്.
2024ൽ മാത്രം 200ൽ അധികം മാവോയിസ്റ്റുകളെ ഛത്തിസ്ഗഡിൽ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളിൽ 217 പേരും ബസ്തർ മേഖലയിൽനിന്നാണ്. ബസ്തർ, ദണ്ഡേവാഡ, കാംഗർ, ബിജാപുർ, നാരായൺപുർ, കൊണ്ടാഗാവ്, സുക്മ ജില്ലകളിലാണ് ഈ മേഖലയിൽപ്പെടുന്നത്. 800ൽ അധികം മാവോയിസ്റ്റുകൾ അറസ്റ്റിലായിട്ടുണ്ട്. 802 പേർ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം മാത്രം 18 സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടലിൽ മരിച്ചു. 65 ജനങ്ങളും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.