കേജ്‌രിവാളിനെതിരെ സന്ദീപ് ദീക്ഷിത്; പ്രചാരണത്തിനു രാഹുലും പ്രിയങ്കയും

Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതൽ കോൺഗ്രസിനായി പ്രചാരണത്തിൽ സജീവമാകും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അൽക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തും.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർഥികൾ തിരക്കിട്ട ഓട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ലക്ഷ്യമിടുന്നത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പ്രചാരണത്തിന് എത്തും.
‘ബിജെപിയുടെ വാഗ്ദാനങ്ങൾ എഎപിയെ കോപ്പിയടിച്ചത്’. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വാഗ്ദാനങ്ങൾ ആം ആദ്മി പാർട്ടിയുടേത് (എഎപി) കോപ്പിയടിച്ചതാണെന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ‘‘എഎപിയുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കും. എന്നാൽ ബിജെപിയുടെ വാഗ്ദാനങ്ങൾ പൊള്ളയാണ്’’– സിസോദിയ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ആം ആദ്മി സർക്കാർ ചെയ്ത കാര്യങ്ങളിൽ തൃപ്തിയുണ്ടെങ്കിൽ മാത്രം വോട്ട് ചെയ്താൽ മതിയെന്നാണു സിസോദിയയുടെ നിലപാട്.
‘‘ഓരോ പദ്ധതി എഎപി സർക്കാർ നടപ്പിലാക്കിയപ്പോഴും തടയാൻ ശ്രമിച്ചവരാണ് ബിജെപിക്കാർ. പരാജയപ്പെട്ടപ്പോൾ അവർ അരവിന്ദ് കേജ്‌രിവാളിനെ ജയിലിലാക്കി. അതിനുള്ള മറുപടി ഫെബ്രുവരി 5ന് ഡൽഹിക്കാർ നൽകും’’– സിസോദിയ കൂട്ടിച്ചേർത്തു. ആംആദ്മി പാർട്ടി തീവ്രവാദികളുടെ പാർട്ടിയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ അഴിമതിക്കെതിരെ രംഗത്തുവന്ന ആംആദ്മി പാർട്ടി ഇപ്പോൾ അരാജകത്വം, വിഭാഗീയത, ഭീകരവാദം, ഊഹാപോഹം എന്നിവയുടെ പാർട്ടിയാണെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂർ എംപി ആരോപിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാർഗനിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. എഐ നിർമിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.