‘ജനുവരി 20 യുഎസിന്റെ വിമോചന ദിനം’; അനധികൃത കുടിയേറ്റത്തോട് സന്ധിയില്ല, നയം പ്രഖ്യാപിച്ച് ട്രംപ്
Mail This Article
വാഷിങ്ടൻ∙ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവർത്തിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കന്നി പ്രസംഗം. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യുഎസിന്റെ ഭാവിനയങ്ങൾ ട്രംപ് പ്രഖ്യാപിച്ചത്. യുഎസിന്റെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു.
‘ യുഎസ്–മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കും. എല്ലാ അനധികൃത കുടിയേറ്റവും അടിയന്തരമായി തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിത്.
രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. ഇതിനായി ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കും. അമേരിക്ക വീണ്ടും ഉൽപാദക രാജ്യമാക്കി മാറ്റും. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ, പ്രകൃതിവാതക സമ്പത്തുള്ള സ്ഥലമാണ് യുഎസ്. അതിനെ നമ്മൾ ഉപയോഗപ്പെടുത്തും. നമ്മുടെ കാലടിക്കു താഴെ ഒഴുകുന്ന സ്വർണത്തിന്റെ ശേഖരമുണ്ട്. അതുപയോഗിച്ച് യുഎസിനെ വീണ്ടും സമ്പന്ന രാജ്യമാക്കും’– ട്രംപ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. എല്ലാ സെൻസർഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനെ പൂർണമായും തള്ളുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. യുഎസിൽ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കും. പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനം സത്യപ്രതിജ്ഞാവേദിയിൽ ട്രംപ് ആവർത്തിച്ചു. കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാൽ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബൈഡൻ ഭരണകൂടത്തിനെതിരെയും ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് രൂക്ഷ വിമർശനമുന്നയിച്ചു. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്തത്. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്ത മുൻ സർക്കാർ അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു. 2025 ജനുവരി 25 യുഎസിനെ സംബന്ധിച്ചിടത്തോളം വിമോചന ദിനമാണെന്നും തനിക്കെതിരെയുണ്ടായ ആക്രമണത്തിൽനിന്ന് ദൈവം തന്നെ രക്ഷിച്ചത് യുഎസിനെ വീണ്ടും മഹത്തരമാക്കാനാണെന്നും ട്രംപ് അവകാശപ്പെടുകയും ചെയ്തു.