ADVERTISEMENT

തിരുവനന്തപുരം∙ കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി യുവതി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്.

കഠിനംകുളത്തിനു സമീപം പെരുമാതുറ ഭാഗത്ത് ഇയാൾ താമസിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒൻപതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്കൂൾ ബസ് വരുന്നത്. 

അതിനിടെ വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ കാണാതായിട്ടുണ്ട്. ഇതു കൊലപാതകം നടത്തിയയാൾ കൊണ്ടുപോയെന്നാണ് സൂചന. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

English Summary:

Athira murder : Investigation focuses on an Ernakulam man she met via Instagram. Police suspect the man, seen near the crime scene before the murder, is responsible for the stabbing death of Athira.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com