ADVERTISEMENT

കോഴിക്കോട്∙ പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു തിരച്ചിൽ ഊർജിതമാക്കിയത്.

ജൂണ്‍ 8നാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റോ തുടര്‍ നടപടിയോ ഉണ്ടായില്ല. ഇതിനിടയില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂലൈ 12ന് കോഴിക്കോട് പോക്സോ കോടതി തള്ളി. എന്നിട്ടും അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നില്ല.

അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ നഗരത്തിലെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും പ്രതിയെ പിടികൂടിയില്ല. തിരച്ചിൽ നോട്ടിസ് നേരത്തെ തന്നെ പുറപ്പെടുവിച്ചതിനാൽ വിദേശത്തേക്കു കടക്കാൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം തന്നെ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടുമെന്നാണു ലഭിക്കുന്ന വിവരം.

കേസിൽ കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

English Summary:

Koottickal Jayachandran: Intensified Police Hunt After Bail Rejection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com