മാർ ജോസഫ് പാംപ്ലാനിയും സമരം നടത്തിയ വൈദികരും തമ്മിൽ ചർച്ച നടത്തി; ആശാവഹമെന്ന് വൈദികർ

Mail This Article
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ സംബന്ധിച്ചു മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും അതിരൂപതയിൽ സമരം നടത്തിയ 21 വൈദികരും തമ്മിൽ ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഇരുപക്ഷത്തുമുള്ള അൽമായ സംഘടനകളുമായും ചർച്ചയുണ്ടാവും. ചർച്ച ആശാവഹമായിരുന്നുവെന്ന് ചർച്ചയ്ക്കു ശേഷം വൈദികർ പറഞ്ഞു. ആദ്യ ചർച്ചയിലെ ധാരണപ്രകാരം ആർച്ച് ബിഷപ് ഹൗസിൽ നിന്നു പൊലീസിനെ ഒഴിവാക്കിയത് നന്നായെന്നു വൈദികർ അറിയിച്ചു. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ പ്രശ്ന പരിഹാരത്തിന് ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളനുമായി ചർച്ച തുടരുമെന്ന് ഉറപ്പു ലഭിച്ചതായി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് അറിയിച്ചു.
ബസിലിക്ക ഉൾപ്പെടെ ഒരു ഇടവകയിലും സമാന്തര ഭരണസംവിധാനം പ്രോത്സാഹിപ്പിക്കില്ല. സിറോ മലബാർ സഭ മീഡിയ കമ്മിഷൻ അതിരൂപതയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതായി വൈദികർ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം മീഡിയ കമ്മിഷനുമായി ചർച്ച ചെയ്യാമെന്ന് ആർച്ച് ബിഷപ് സമ്മതിച്ചതായും സംരക്ഷണ സമിതി അറിയിച്ചു. തുടർ ചർച്ചകളിൽ മേജർ ആർച്ച് ബിഷപ് ഉണ്ടാവണമെന്ന് വൈദികർ ആവശ്യപ്പെട്ടു. ആവശ്യം മേജർ ആർച്ച് ബിഷപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും വൈദികരുടെ വിഷയങ്ങൾ വിശദമായി പഠിക്കുന്നതുവരെ തുടർനടപടികൾ ഉണ്ടാവുകയില്ലെന്ന് ആർച്ച് ബിഷപ് ഉറപ്പു നൽകിയതായും അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. ഏതെങ്കിലും വൈദികർക്ക് അജപാലന ശുശ്രൂഷയിൽ തടസ്സമുണ്ടായാൽ ആർച്ച് ബിഷപിനെ അറിയിക്കാനും പറഞ്ഞിട്ടുണ്ട്.
വൈദികരുടെ പൊതു സ്ഥലംമാറ്റം പുതിയ കൂരിയ നിയമനത്തിനു ശേഷം മതിയെന്ന് വൈദികർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് സ്ഥലം മാറ്റം മേയ് മാസത്തിലേക്കു മാറ്റി. പുതിയ വൈദികരുടെ നിയമനം പുതിയ കൂരിയ നിയമനത്തിനു ശേഷം നടത്തും. അതിരൂപതയിലെ വൈദികരെ 4 മേഖലകളായി കണ്ടു ചർച്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. മുന്നോടിയായി അതിരൂപതയിലെ സീനിയർ വൈദികരുമായി ചർച്ച നടത്തും. പുതിയ കൂരിയയെ നിയമിക്കുമ്പോൾ, മുൻ അഡ്മിനിസ്ട്രേറ്റർമാരായ മാർ ആൻഡ്രൂസ് താഴത്തും മാർ ബോസ്കോ പൂത്തൂരും സ്വീകരിച്ച മാനദണ്ഡങ്ങൾ ആധാരമാക്കരുതെന്ന് വൈദികർ ആവശ്യപ്പെട്ടു. അതിരൂപതയിലെ ഇപ്പോഴത്തെ അവസ്ഥ വത്തിക്കാനെ അറിയിക്കാമെന്നും മാർ ജോസഫ് പാംപ്ലാനി സമ്മതിച്ചതായി അതിരൂപത സംരക്ഷണ സമിതി അറിയിച്ചു.