‘സർക്കാർ തീരുമാനത്തെ എതിർക്കേണ്ട കാര്യമെന്താണ് ? കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിച്ചാൽ ചിലരുടെ കച്ചവടം പൂട്ടും’

Mail This Article
പാലക്കാട് ∙ കേരളത്തിന് ആവശ്യമായ മദ്യവും ബീയറും ഇവിടെ ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ എതിർക്കേണ്ട കാര്യമെന്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മദ്യനയത്തിൽ ഇത് അംഗീകരിച്ചതാണ്. സമരങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ജലമാണു പ്രശ്നമെങ്കിൽ മഴവെള്ള സംഭരണത്തിന്റെ സാധ്യത ഉപയോഗിക്കണം. അതിനുള്ള സൗകര്യം ഒയാസിസ് കമ്പനിക്കുണ്ട്. കണ്ണൂരിൽ വിസ്മയ പാർക്ക് വരുമ്പോൾ വലിയ തോതിൽ ജലചൂഷണമെന്നു ചിലർ പറഞ്ഞു. എന്നാൽ, 5 കോടിയിലേറെ ലീറ്റർ മഴവെള്ള സംഭരണി സ്ഥാപിച്ചാണ് പാർക്കിന്റെ പ്രസിഡന്റായിരുന്ന താൻ വെള്ളം കണ്ടെത്തിയത്.
വേണമെങ്കിൽ മഴവെള്ള സംഭരണിയുടെ സാധ്യതകളെക്കുറിച്ച് ഒയാസിസ് കമ്പനിയോടു താൻ ചർച്ച ചെയ്യാം. യുഡിഎഫിന്റെ കാലത്തും എൽഡിഎഫിന്റെ കാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും സ്ഥാപിക്കുന്നതിനു ടെൻഡർ വിളിച്ചിട്ടില്ല. ഭൂമി ലഭ്യമാണെന്നും ഉൽപാദിപ്പിക്കാൻ തയാറാണെന്നും അറിയിച്ച് ഒയാസിസ് കമ്പനിയാണ് പ്രോജക്ട് റിപ്പോർട്ടുമായി വന്നതെന്നു ഗോവിന്ദൻ പറഞ്ഞു.
ആരൊക്കെ എതിർക്കുന്നു എന്നതല്ല സർക്കാരിന്റെ നയമാണു പറയുന്നതെന്ന്, സിപിഐയുടെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തെക്കുറിച്ചുള്ള പാർട്ടി നിലപാടാണു താൻ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 10 കോടിയിലേറെ ലീറ്റർ സ്പിരിറ്റ് കേരളത്തിലേക്കു വരുന്നുണ്ട്. കടത്തുകൂലി മാത്രം 100 കോടിയിലേറെ വരും. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ ചിലരുടെ കച്ചവടം പൂട്ടും. എതിർക്കുന്നവർക്ക് അത്തരക്കാരുടെ പിന്തുണ ഉണ്ടാകാമെന്നും തെളിവില്ലാത്തതിനാൽ ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.