45 ദിവസം, 3 കുടുംബങ്ങളിലെ 17 പേരുടെ മരണം: ദുരൂഹരോഗം ഇല്ലെന്ന് കേന്ദ്രം, കാരണം ‘ബാവോളി’

Mail This Article
രജൗരി ∙ ജമ്മു കശ്മീരിലെ രജൗരിയിൽ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്നു റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ, സമീപത്തെ ‘ബാവോളി’യിൽ (ജലസംഭരണി) കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. ഈ വെള്ളം വയറ്റിൽ എത്തിയവരാണു മരിച്ചതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ മരിച്ചവർ നേരിട്ട് ഇവിടെനിന്ന് വെള്ളമെടുത്തോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്താണു മരണകാരണമെന്ന അന്തിമനിഗമനം വൈകാതെ പുറത്തുവിടും.
രജൗരിയിലെ ബദാൽ ഗ്രാമത്തിലാണു കൂട്ടമരണമുണ്ടായത്. 14 കുട്ടികളടക്കം മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതോടെ കേന്ദ്രമന്ത്രി അമിത് ഷാ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മരണകാരണം അറിയാൻ ഉന്നത സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷകരെയും നിയോഗിച്ചിരുന്നു. പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണു രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പറഞ്ഞത്. ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷാംശം ഉള്ളിൽ ചെന്നതാണു മരണകാരണമെന്നും സംശയമുണ്ടായിരുന്നു.
‘ദുരൂഹ രോഗം’ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കേന്ദ്രസംഘം തള്ളിക്കളഞ്ഞു. വൈറസോ ബാക്ടീരിയയോ മൂലമുണ്ടാകുന്ന രോഗമല്ല മരണകാരണമെന്നും അറിയിച്ചു. ഗ്രാമത്തിലെ ആദിവാസികൾ വെള്ളം ശേഖരിക്കുമെന്ന ആശങ്കയുള്ളതിനാൽ, കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ബാവോളി അടച്ചിടാൻ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നയിക്കുന്ന സംഘത്തിൽ ആരോഗ്യം, കൃഷി, രാസവളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. സംഘം പ്രദേശത്തുനിന്നു ശേഖരിച്ച ജലസാംപിളുകൾ പരിശോധിച്ചപ്പോഴാണു കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. 3500 സാംപിളുകളിൽ വൈറസുകളുടെയോ ബാക്ടീരിയകളുടെയോ സാനിധ്യം കണ്ടെത്തിയില്ല.