ആർഎംഎസ് അടച്ചുപൂട്ടരുത്: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ റെയിൽവേ മെയിൽ സർവീസ് ( ആർഎംഎസ്) ഓഫിസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർഎംഎസ് ഓഫിസുകളെ സ്പീഡ് പോസ്റ്റ് പ്രോസസിങ് ഹബുകളുമായി സംയോജിപ്പിക്കാനും റജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ 312 ആർഎംഎസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ 12 ഓഫിസുകൾ കേരളത്തിലാണ്.
സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർഎംഎസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർക്കിൾ ഹബ്ബുകൾക്കു പുറമേ ഷൊർണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർക്കിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.