നടിയെ ആക്രമിച്ച കേസ്: ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം; പൾസർ സുനി സുപ്രീം കോടതിയിൽ

Mail This Article
ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനു പിന്നാലെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സാംപിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ തിരിച്ചു വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. ഈ കേസില്‍ തന്നെ സംബന്ധിച്ചെടുത്തോളം നിർണായകമാണ് ഈ സാക്ഷികള്‍. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജയിലില്‍നിന്നു ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.