‘സെയ്ഫിനെ ആക്രമിക്കുമ്പോൾ കരീന പ്രതിരോധിച്ചില്ലേ?; ആ പ്രതി തന്നെയോ ഇത്, പൊലീസ് എന്തോ മറയ്ക്കുന്നു’

Mail This Article
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിനും നേരത്തേ പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയ്ക്കും തമ്മിൽ സാമ്യമില്ലെന്ന് ആക്ഷേപം. നഗരവാസികളിൽ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി. പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പലരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും പങ്കുവച്ചിട്ടുണ്ട്.
പൊലീസ് എന്തോ മറയ്ക്കുന്നുണ്ടെന്ന ചർച്ചകളും ഉയരുന്നുണ്ട്. 8 നില വരെ സ്റ്റെപ് കയറിയ പ്രതി പതിനൊന്നാം നിലയിലേക്ക് പൈപ്പ് വഴി വലിഞ്ഞുകയറിയെന്നും തുടർന്ന് നടന്റെ വീട്ടിലെ ശുചിമുറിയിലേക്കു പ്രവേശിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വീടിനുള്ളിലാക്കി നടൻ വാതിൽ അടച്ചെങ്കിലും കുളിമുറി വഴി പുറത്തിറങ്ങിയെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ ഇതിലെല്ലാം പൊരുത്തക്കേടുകളുണ്ടെന്നാണ് ചിലരുടെ വാദം.
സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴിയിൽ പറയുന്നത് കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ്. എന്നാൽ, സ്വർണാഭരണങ്ങളൊന്നും മോഷ്ടിക്കപ്പെട്ടിട്ടുമില്ല. അപകടകരമായ രീതിയിൽ പ്രതി സെയ്ഫിനെ ആക്രമിച്ചിട്ടും കണ്ടുനിന്നതല്ലാതെ കരീന പ്രതിരോധിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചിലർ ചോദിക്കുന്നുണ്ട്. ആരുടെ വീടാണെന്ന് അറിയാതെയാണ് പ്രതി അവിടെ കയറിയതെന്ന പൊലീസിന്റെ വിവരണത്തിൽ പൂർണ വിശ്വാസമില്ലെന്നും പലരും പ്രതികരിച്ചു.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിന്റെ രംഗങ്ങൾ മുംബൈ പൊലീസ് പുനരാവിഷ്കരിക്കും. പ്രതി തനിക്കെതിരെയുള്ള വാർത്ത കണ്ട് കടുത്ത ആശങ്കയിലായിരുന്നെന്നും സ്വദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.