ക്രൈം ത്രില്ലർ നോവലിസ്റ്റ്, 8 മാസത്തിനിടെ 4 വധശിക്ഷ: ഗ്രീഷ്മയ്ക്കു തൂക്കുകയർ വിധിച്ച ജഡ്ജി ബഷീർ

Mail This Article
തിരുവനന്തപുരം∙ ട്രെയിനിലെ ആറാമത്തെ കംപാർട്ട്മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഒരു പ്രോസിക്യൂട്ടർ. തൊട്ടുപിന്നാലെ വീടിനുളളിൽ കൊല്ലപ്പെടുന്ന പൊലീസുകാരൻ. രണ്ടു മരണങ്ങൾക്കും പിന്നിൽ ഒരു കൊലപാതകി. ആദ്യാവസാനം പിരിമുറുക്കം സമ്മാനിക്കുന്ന ക്രൈം ത്രില്ലർ നോവലായ ‘തെമിസി’ന്റെ രചയിതാവാണ് ഇന്നലെ ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീർ.
കൊല്ലം ജില്ലാ ജഡ്‌ജിയായിരിക്കെ, കോവിഡ് കാലത്ത് ജോലിഭാരം കുറഞ്ഞതോടെ മടുപ്പകറ്റാനാണ് എ.എം.ബഷീർ ക്രൈം ത്രില്ലർ എഴുതിത്തുടങ്ങിയത്. ഒരുപാടു വായനക്കാരെ പുസ്തകം ആകർഷിച്ചു. കണ്ണ് മൂടിക്കെട്ടിയിട്ടും നീതി നടപ്പിലാക്കുന്ന തെമിസ് എന്ന നീതിദേവതയുടെ പേരാണ് നോവലിനിട്ടത്. ദൈവത്തിന്റെ രൂപത്തിൽ ജഡ്ജി അവതരിച്ചുവെന്നാണ് ഇന്നലെ കോടതി വിധി വന്നപ്പോൾ ഷാരോണിന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. നീതിയെയും നിയമത്തെയും ഒരു നാണയത്തിന്റെ ഇരുപുറമായി ചിത്രീകരിക്കുന്ന നോവലിൽ നിരാലംബയായ ഒരു പെൺകുട്ടി അനുഭവിക്കേണ്ടിവന്ന നരകയാതനയാണ് അടയാളപ്പെടുത്തിയത്. കോഴിക്കോട് ഗവ.ലോ കോളജിൽ വിദ്യാർഥി ആയിരിക്കെ ഒരു പോരാളി ജനിക്കുന്നു എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉറുപ്പ (നോവൽ), റയട്ട് വിഡോസ് (ഇംഗ്ലിഷ് നോവൽ), പച്ച മനുഷ്യൻ (നോവൽ), ജംറ (സഞ്ചാര സാഹിത്യം), ജെ.കേസ് (ഇംഗ്ലിഷ് കേസ് സ്റ്റഡി) എന്നീ കൃതികളും ബഷീറിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ൽ ആദ്യമായി നടത്തിയപ്പോൾ ചുക്കാൻ പിടിച്ചതും അന്ന് നിയമസഭാ സെക്രട്ടറിയായിരുന്ന ബഷീറാണ്. സ്പീക്കറായിരുന്ന എം.ബി. രാജേഷും ബഷീറുമായിരുന്നു ഈ ആശയത്തിനു പിന്നിൽ. പുസ്തകോത്സവത്തിന്റെ ചർച്ചകൾക്കിടെയായിരുന്നു രാജേഷിന്റെ മന്ത്രിസഭാ പ്രവേശനം. ഷംസീർ സ്പീക്കറായെത്തിയപ്പോഴും ബഷീർ ആവേശം കൈവിട്ടില്ല. ഇതോടെ രാജ്യത്ത് ആദ്യമായി ഒരു നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ച സംസ്ഥാനമായി കേരളം മാറി. സെക്രട്ടറിസ്ഥാനമൊഴിഞ്ഞിട്ടും, രണ്ടാഴ്ച മുൻപു നടന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷനിൽ അദ്ദേഹം സജീവമായിരുന്നു.
എ.എം.ബഷീര്‍ എട്ടു മാസത്തിനിടെ വധശിക്ഷയ്ക്കു വിധിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ റഫീക്കയ്ക്ക് (51) കഴിഞ്ഞ മേയ് 22നു വധശിക്ഷ വിധിച്ചിരുന്നു. ഇതുള്‍പ്പടെ നാലു വധശിക്ഷകളാണ് അദ്ദേഹം എട്ടു മാസത്തിനിടെ വിധിച്ചത്.
ശാന്തകുമാരി കേസില്‍ റഫീക്കയെ കൂടാതെ പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍ അമീന്‍ (27), റഫീക്കയുടെ മകന്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനി ഹൗസ് 44ല്‍ ഷെഫീഖ് (27) എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതിയുടെ ചരിത്രത്തില്‍ വധശിക്ഷ ലഭിച്ച പ്രഥമ കേസായിരുന്നു ശാന്തകുമാരി കൊലക്കേസ്. അമ്മയ്ക്കും മകനും തൂക്കുകയര്‍ ലഭിച്ച കേസും ഇതിനു മുന്‍പു സംസ്ഥാനത്തുണ്ടായിട്ടില്ല. രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്കു ജീവപര്യന്തവും ബഷീർ വിധിച്ചു.
തൃശൂർ വടക്കാഞ്ചേരിയാണ് ബഷീറിന്റെ സ്വദേശം. അഭിഭാഷകനായിരിക്കെ 2002ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടായി നിയമനം ലഭിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം കോടതികളിൽ ജോലിചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേരള നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജി ആയി നിയമിതനായത്. കേരള ലോകയുക്ത ഉദ്യോഗസ്ഥ എസ്. സുമയാണ് ഭാര്യ. മക്കൾ: അസ്മിൻ നയാര (അഭിഭാഷക), അസിം ബഷീർ (വിദ്യാർഥി).