14 ദിവസം പ്രായമുള്ള ആദം സയാൻ, 80 വയസ്സുള്ള പാത്തുമ്മ; ഉരുൾപൊട്ടലിൽ കാണാതായ 32 പേരുടെ വിവരങ്ങൾ പുറത്തുവിട്ടു

Mail This Article
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. 14 ദിവസം മാത്രം പ്രായമുള്ള ആദം സയാൻ ഉൾപ്പെടെ 32 പേരാണ് പട്ടികയിലുള്ളത്. 12 വയസ്സ് മുതൽ താഴോട്ടുള്ള എട്ടു കുട്ടികളെയാണ് കാണാതായത്. ഇതിൽ 5 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ്. 13 പുരുഷൻമാരെയും 11 സ്ത്രീകളെയും കാണാതായി. ഒഡിഷ സ്വദേശിയായ ഡോക്ടർ സ്വധീൻ പാണ്ടെ ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനക്കാരുണ്ട്. രണ്ടു പേർ ബിഹാർ സ്വദേശികളാണ്. രണ്ടു പേർ മേപ്പാടി തൃക്കൈപ്പറ്റ സ്വദേശികളാണ്. ബാക്കിയുള്ളവർ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ സ്വദേശികളാണ്. കാണാതായവരിൽ ഏറ്റവും പ്രായം കൂടിയ പാത്തുമ്മയ്ക്ക് 80 വയസ്സുണ്ട്.
ഉരുൾപൊട്ടൽ ദുരന്തത്തിന് ആറു മാസം തികയാൻ എട്ടു ദിവസം മാത്രം ശേഷിക്കെയാണ് കാണാതായവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരിച്ച 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെയാണ് തിരിച്ചറിഞ്ഞത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫിസർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർ ചേർന്ന് തയാറാക്കിയ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യൂ ആൻഡ് ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് നൽകും.