‘എൽജിബിടി സമൂഹത്തോട് കരുണ കാണിക്കണം’: ട്രംപിനോട് ബിഷപ്; പ്രാർഥന മെച്ചപ്പെടുത്തണമെന്ന് പ്രതികരണം– വിഡിയോ

Mail This Article
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. ട്രാൻസ്ജെൻഡറുകൾക്കുള്ള പരിരക്ഷ എടുത്തുകളഞ്ഞതും കുടിയേറ്റക്കാരോടുള്ള നടപടിയുമാണു ചൊവ്വാഴ്ചത്തെ പ്രാർഥനാ ചടങ്ങിനിടെ ട്രംപിനോട് അഭ്യർഥന നടത്താൻ വാഷിങ്ടൻ എപ്പിസ്കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്‌ഗർ ബുഡ്ഡേയെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാരോടും എൽജിബിടി സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ അഭ്യർഥന. ബിഷപ്പിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
സദസ്സിന്റെ മുൻനിരയിൽ വളരെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു അഭ്യർഥന നടത്തിയപ്പോൾ ട്രംപ് ഇരുന്നത്. ഭാര്യ മെലനിയയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഒപ്പമുണ്ടായിരുന്നു. ബിഷപ്പിന്റെ പ്രഭാഷണത്തിനുപിന്നാലെ ട്രംപ് തിരിഞ്ഞ് വാൻസിനോട് എന്തോ സംസാരിച്ചു. അതിനു മറുപടിയായി വാൻസ് തലകുലുക്കുകയും ചെയ്തു. പിന്നീട് പ്രാർഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു പ്രാർഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ഒരു കൊലയാളിയുടെ വെടിയുണ്ടയിൽനിന്നു ദൈവം തന്നെ രക്ഷിച്ചുവെന്ന് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി – ‘‘സ്നേഹമുള്ള ഒരു ദൈവത്തിന്റെ കരുതലിന്റെ കൈ നിങ്ങൾക്ക് അനുഭവപ്പെട്ടു. ദൈവത്തിന്റെ നാമത്തിൽ, നമ്മുടെ രാജ്യത്ത് ഇപ്പോൾ ഭയന്നിരിക്കുന്ന ആളുകളോടു കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ, സ്വതന്ത്രരായ മറ്റു കുടുംബങ്ങളിലെ കുട്ടികളാണ് ഗെ, ലെസ്ബിയൻ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലുള്ളത്.
നമ്മുടെ വിളകൾ പറിക്കുകയും ആശുപത്രികളിലെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുകയും ചെയ്യുന്നവരാണിവർ. പലരും നമ്മുടെ പൗരന്മാരാകില്ല, ശരിയായ രേഖകൾപോലും ഉണ്ടാവണമെന്നില്ല. കുടിയേറ്റ ജനതയിൽ വലിയൊരു ശതമാനവും ക്രിമിനലുകളല്ല. അവരും നികുതി അടയ്ക്കുന്നുണ്ട്. മികച്ച അയൽക്കാരുമാണ്. നമ്മുടെ പള്ളികളിലെയും മസ്ജിദുകളിലെയും സിനഗോഗുകളിലെയും ഗുരുദ്വാരകളിലെയും അമ്പലങ്ങളിലെയും വിശ്വാസ സമൂഹമാണ്. അന്യരോടു കരുണയുണ്ടാകണമെന്നാണ് ദൈവം പഠിപ്പിക്കുന്നത്. ഈ ലോകത്ത് നമ്മളും ഒരിക്കല്‍ അന്യരായിരുന്നു’’ – ബിഷപ് പറഞ്ഞു.
ട്രംപുമായി ബിഷപ് ബുഡ്ഡെ നേരത്തേയും ഇടഞ്ഞിട്ടുണ്ട്. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിൽ ജോർജ് ഫ്ലോയിഡിന്റെ വംശീയ കൊലയിൽ പ്രതിഷേധിച്ച് വാഷിങ്ടനിലെ സെന്റ് ജോർജ് എപ്പിസ്കോപ്പൽ പള്ളിക്കു മുന്നിൽ സമാധാന പ്രതിഷേധം നടത്തിയവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. ഇതിനുപിന്നാലെ പള്ളിയുടെ മുമ്പിലെത്തിയ ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ചുനിന്നത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ചരിത്രപ്രധാനമായ പള്ളിക്കുമുന്നിൽ ട്രംപ് രാഷ്ട്രീയം കളിച്ചതിനെത്തുടർന്ന് ബിഷപ് ബുഡ്ഡേ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.