നൊമ്പരപ്പൂവായി സുഗതകുമാരി; അവഗണിച്ച് സർക്കാർ, കവയിത്രിയുടെ പേരിൽ പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖ

Mail This Article
കോട്ടയം ∙ ഭാഷയെയും മണ്ണിനെയും പച്ചപ്പിനെയും സ്‌നേഹിച്ച സുഗതകുമാരി വിട പറഞ്ഞ് 3 വർഷം പിന്നിടുമ്പോഴും പ്രിയ കവയിത്രിയുടെ ഓർമകൾക്ക് മലയാളം തിരിച്ച് എന്തുനൽകിയെന്ന് ചോദിച്ചാൽ ഉത്തരം അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസായിരിക്കും. സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് 91ാം ജന്മദിനമായ ഇന്ന് സമാപനം കുറിക്കുമ്പോഴും സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച പല പദ്ധതികളും ജലരേഖയായി മാത്രം അവശേഷിക്കുകയാണ്. സുഗതകുമാരിയെ ഓർക്കാൻ അവരുടെ കവിതകൾ ധാരാളമെങ്കിലും കവിയമ്മയ്‌ക്ക് വേണ്ടി പദ്ധിതകൾ നടപ്പാക്കാൻ പറ്റാത്തത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി.
ഒരിക്കൽ സുഗതകുമാരി പറഞ്ഞു: ‘‘അച്ഛൻ മരിക്കാൻ കിടന്നനേരം എന്നെ നോക്കി കരഞ്ഞു. മോളേ ഞാൻ നിനക്കൊന്നും തന്നില്ലല്ലോ. കട്ടിലിന്‍ കീഴിലിരുന്ന ഞാൻ എഴുന്നേറ്റ് അച്ഛന്റെ കൈപിടിച്ചു തന്നില്ലേ അച്ഛാ... എല്ലാം തന്നില്ലേ?. എന്തു തന്നെന്നായി? അച്ഛൻ. എന്റെ കൈയിലൊരു പേന വച്ചുതന്നില്ലേ അച്ഛൻ, പിന്നെയൊരു നട്ടെല്ല് തന്നില്ലേ... മതിയച്ഛാ...അതുമതി’ ഞാൻ പറഞ്ഞു. മരണക്കിടക്കയിലെ അച്ഛന്റെ വരണ്ട കണ്ണുകളിൽ വെട്ടം തെളിയുന്നത് ഞാൻ കണ്ടു. ഒരുപക്ഷേ, ബോധേശ്വരന്റെ മകളല്ലായിരുന്നെങ്കിൽ എനിക്കീ കൂരിരുൾവഴികൾ താണ്ടാൻ കരുത്തുണ്ടാകുമായിരുന്നോ? അറിയില്ല. കാരണം, അച്ഛൻ സ്വയം കത്തിയെരിഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച മനുഷ്യനായിരുന്നു.’’ അച്ഛനെ പോലെയായിരുന്നു ആ മകളും. ഒരു മനുഷ്യായുസ് മുഴുവൻ ഭരണകൂടത്തോട് കലഹിച്ചു ജീവിച്ച സ്‌ത്രീ. അവരുടെ ഓർമകളെപ്പോലും നമ്മുടെ ഭരണകൂടത്തിനു ഭയമാണോ? ഉത്തരം അവർ തന്നെ പറയട്ടെ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സുഗതകുമാരി സ്‌മാരകത്തിനു രണ്ട് കോടി രൂപ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്‌മാരകം നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് റവന്യൂ വകുപ്പിനു കത്തും നൽകി. ആ കത്ത് റവന്യൂ വകുപ്പിലുണ്ടോ എന്നുപോലും ആർക്കും ഇന്ന് പിടിയില്ല.
തിരുവനന്തപുരത്ത് സുഗതകുമാരി ജനിച്ചുവളർന്ന വീട് സ്ഥിതി ചെയ്യുന്ന മ്യൂസിയം-നന്ദാവനം-ബേക്കറി ജംക്ഷൻ റോഡിന് സുഗതകുമാരി വീഥിയെന്ന് പേരിടാൻ നഗരസഭ പ്രമേയം വരെ പാസാക്കിയിട്ടും തുടർനടപടികളുണ്ടായില്ല. മേയറുടെ നേതൃത്വത്തിൽ അടിയന്തര ചർച്ച നടത്തി ഇതുസംബന്ധിച്ച കത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറിയിരുന്നു. കത്തിനു പിന്നീട് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ ഭരണസമിതി പറയുന്നത്.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മരത്തൈകൾ വച്ചുപിടിപ്പിച്ച് സുഗതകുമാരി സ്‌മൃതിവനം പദ്ധതിയ്‌ക്ക് തുടക്കമിട്ടെങ്കിലും അന്നു നട്ട മരങ്ങൾ പലതും കവയിത്രിയെ അപമാനിക്കുന്നതിന് തുല്യമായി. പദ്ധതി എന്തായെന്ന് തിരിഞ്ഞുനോക്കാൻ പോലും സർക്കാർ മെനക്കെട്ടിട്ടില്ല. കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ നൂറു കലാലയങ്ങളിൽ മാന്തോപ്പുകൾ നട്ടുപിടിപ്പിച്ചാണ് സുഗതകുമാരിയെ ആദരിക്കാൻ തീരുമാനിച്ചത്. നട്ട മാവുകളെപ്പറ്റി ആരും ചോദിക്കരുതെന്ന് മാത്രം.
സുഗതകുമാരി ചെയർ സ്ഥാപിക്കാനുള്ള ആലോചനകൾ ആരംഭിച്ചെന്നായിരുന്നു കേരള സർവകലാശാലയുടെ വീരവാദം. ഇതിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല സർവകലാശാല കവയിത്രിയെ കാര്യമായി ഓർക്കാറേയില്ല. സുഗതകുമാരിയുടെ ആറന്മുളയിലെ വീടിന്റെ സംരക്ഷണ ചുമതല പുരാവസ്‌തു വകുപ്പിനാണെങ്കിലും തങ്ങളുടെ അറിവിൽ ഇപ്പോൾ അവരൊന്നും ചെയ്യുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സുഗതകുമാരിയുടെ വലിയൊരു കയ്യെഴുത്ത് ശേഖരം തന്നെ തിരുവനന്തപുരത്തുണ്ട്. അതെങ്കിലും സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.