ADVERTISEMENT

കൊച്ചി∙ പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി. തൃശൂര്‍ എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ കെ.കെ. ദിനേഷ് (49) ആണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ സുരക്ഷിതനായി മടങ്ങിയെത്തിയത്. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിലിന്റെ ഇടപെടലിലൂടെയാണ് തിരിച്ചുവരവ് സാധ്യമായത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദിനേഷ് 2014ൽ ആണ് ജീവിതം കരുപ്പിടിപ്പിക്കാൻ യെമനിലേക്ക് വിമാനം കയറിയത്. അവിടെ എത്തിയ ശേഷം ഒരു വർഷം കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഇതിനിടയിൽ യെമനിൽ യുദ്ധം ആരംഭിച്ചതോടെ ദിനേഷിന്റെ പാസ്പോർട്ട് സ്പോൺസറുടെ കയ്യിൽ അകപ്പെട്ടു. അതോടെ തൊഴിലും താമസവും നഷ്ടമായി. വീട്ടുകാരുമായി ബന്ധപ്പെടാൻ പറ്റാതായി. 2014 ഓഗസ്റ്റില്‍ ജോലി തേടി യെമനില്‍ എത്തിയ ദിനേഷ് യുദ്ധത്തെത്തുടര്‍ന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുടുങ്ങുകയായിരുന്നു. 2021 മുതലാണ് ദിനേഷിനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്.

ദിനേഷ് എടക്കുളത്തെ വീട്ടിലെത്തിയപ്പോൾ. (ഫോട്ടോ: മനോരമ)
ദിനേഷ് എടക്കുളത്തെ വീട്ടിലെത്തിയപ്പോൾ. (ഫോട്ടോ: മനോരമ)

കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാട്ടില്‍ തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ദിനേഷിന്‍റെ ആദ്യ പ്രതികരണം. തനിക്കുവേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ സാമുവല്‍ ജെറോമിനും സിജു ജോസഫിനും ദിനേഷ് നന്ദി പറഞ്ഞു. ഒരുഘട്ടത്തില്‍ നാട്ടില്‍ എത്താനാകുമെന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടിരുന്നുവെന്നും സഹായിച്ച എല്ലാവർക്കും നന്ദിയെന്നും ദിനേഷ് മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘ടൈല്‍സിന്‍റെ പണിയായിരുന്നു. ജോലി വളരെ കുറവായിരുന്നു. അവിടെ ചെന്നിറങ്ങിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. യുദ്ധം തുടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. ചെന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളായി. ആഭ്യന്തര പ്രശ്നങ്ങളുള്ള നാടാണത്. എന്നാല്‍ ഇതൊന്നും വിദേശികളെ കാര്യമായി ബാധിക്കാറില്ല. ആ ധൈര്യത്തില്‍ കുറേ മലയാളികള്‍ അവിടെ നിന്നു. ഇന്ത്യക്കാരെ ഒരുപാട് ബഹുമാനിക്കുന്ന രാജ്യം കൂടിയാണ്.

ജോലിയില്ലായ്മ കൊണ്ടാണു പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നീട് അവിടുത്തെ ആളുകളെ പരിചയപ്പെട്ടു. നാട്ടില്‍ ദിവസക്കൂലിക്കു പണിക്കുപോകുന്ന രീതിയില്‍ പണിയെടുത്തു. അത്യാവശ്യം ചെലവിനുള്ള കാശ് സംഘടിപ്പിച്ചു. നാട്ടിലേക്ക് അയയ്ക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല. ഭാര്യ ജോലിക്കു പോകുന്നതുകൊണ്ടു കാര്യങ്ങള്‍ നടന്നുപോയി. ആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു. പതിയെ അതും കുറഞ്ഞു. നാട്ടിലേക്ക് എന്നു വരുമെന്നു ചോദിച്ചാല്‍ മറുപടിയില്ല, അതുകൊണ്ടാണു വിളിപോലും ഒഴിവാക്കിയത്’’ – അദ്ദേഹം പറഞ്ഞു.

നാട്ടിലെ സാമ്പത്തിക സ്ഥിതി വഷളായതോടെ കുടുംബം താമസിച്ചിരുന്ന വീട് നഷ്ടമായി. ഭാര്യ അനിതയും രണ്ടു മക്കളും നെടുമ്പാളിലെ അനിതയുടെ വീട്ടിലേക്കു താമസം മാറി. ദിനേഷിനെ തിരികെ എത്തിക്കാൻ കുടുംബവും സുഹൃത്തുക്കളും ഏറെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ദിനേഷിന്റെ സുഹൃത്തായ ഉണ്ണി പൂമംഗലം പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിലിനെ വിഷയം അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പ്രധാനമന്ത്രിയുടെ ഓഫിസുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് ദിനേഷിനെ നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒപ്പം വലിയ തുക വിടുതൽ പ്രവർത്തനങ്ങൾക്കായി യെമനിലേക്ക് വിപിൻ അയച്ചു നൽകി. വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ സാമൂവൽ ജെറോം, ഷിജു ജോസഫ് എന്നിവർ മുഖേന ദിനേഷിനു നാട്ടിൽ എത്താനുള്ള യെമനിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഇളയ മകൻ സായ്കൃഷ്ണയ്ക്ക് ആറുമാസം പ്രായമുള്ള സമയത്താണ് ദിനേഷ് യെമനിലേക്ക് പോയത്. മൂത്ത മകൾ കൃഷ്ണവേണിക്ക് രണ്ടു വയസ്സായിരുന്നു അന്നു പ്രായം.

English Summary:

Dinesh Returns Home from Yemen: Stranded in Yemen for ten years, K.K. Dinesh, a Malayali, finally returned home. His repatriation was made possible through the relentless efforts of activists, public workers, and the Indian Embassy.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com