കേരളത്തിൽ ഐക്യമില്ലെന്ന് ഹൈക്കമാൻഡ്; സുധാകരനു പകരക്കാരാകാൻ 6 പേരുകൾ നിർദേശിച്ച് കനുഗോലു

Mail This Article
തിരുവനന്തപുരം ∙ കെ.സുധാകരനും വി.ഡി.സതീശനും ഐക്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന ഹൈക്കമാൻഡ് നിലപാടിനു പിന്നാലെ കെപിസിസിയിൽ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പകരമായി 6 പേരുകളാണു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനിൽ കനുഗോലു നിർദേശിച്ചതെന്നാണു വിവരം. കനുഗോലുവിന്റെ ടീം നടത്തിയ സര്‍വേയിലാണു പേരുകള്‍ കണ്ടെത്തിയതെന്നും ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഇതിൽനിന്ന് ഒരാളെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുമെന്നാണു സൂചന.
സുധാകരന്റെ ആരോഗ്യപ്രശ്നങ്ങളും സതീശന്റെ കർക്കശ രീതിയും ചില ഘട്ടങ്ങളിലെങ്കിലും തിരിച്ചടിയാണെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. രാഷ്ട്രീയകാര്യ സമിതി നേരത്തേ മാറ്റിവച്ചതും കഴിഞ്ഞ ദിവസം സംയുക്ത വാർത്താസമ്മേളനം നടത്താൻ ഇരു നേതാക്കളും തയാറാകാതിരുന്നതും അനൈക്യത്തിന്റെ തെളിവായി ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കൾ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്. വിശദ റിപ്പോർട്ട് ദീപ ദാസ്മുൻഷി ദേശീയ നേതൃത്വത്തിനു കൈമാറും.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞ 63 നിയമസഭാ സീറ്റുകൾ ഏതെന്ന ചർച്ചയും കോൺഗ്രസിൽ ഉയർന്നു. പറഞ്ഞതു പൂർത്തിയാക്കാൻ യോഗത്തിൽ സതീശനു കഴിഞ്ഞില്ല. പിന്നീട് ഇക്കാര്യം നേതാക്കളോടു വിശദീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. സർവേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തിരഞ്ഞെടുപ്പുകൾ പരിശോധിച്ച് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കാണു യോഗത്തിൽ വച്ചതെന്നാണു വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതുൾപ്പെടെ 63 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നായിരുന്നു സതീശന്റെ നിർദേശം. മണ്ഡലങ്ങളറിയാനുള്ള താൽപര്യം സിപിഎമ്മിനുമുണ്ട്.