ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വന്നതിനു ശേഷമുള്ള ആദ്യ ക്വാഡ് യോഗം ചൊവ്വാഴ്ച നടന്നു. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണു കൂടിക്കാഴ്ച നടത്തിയത്. അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്കു 4 രാജ്യങ്ങളും തയാറെടുക്കുമെന്നു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിതല യോഗം. ഇന്തോ-പസിഫിക്കിലെ സ്ഥിതിഗതികളില്‍ നിര്‍ബന്ധിത നടപടികളിലൂടെ മാറ്റം വരുത്തുന്നതിൽ ചൈനയ്‌ക്കു മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിലേക്കു ട്രംപ് മടങ്ങിയെത്തിയ ശേഷം ചൈനയെ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഉന്നതതല യോഗമായി ക്വാഡ് മാറി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ഓസ്‌ട്രേലിയയുടെ പെന്നി വോങ്, ജപ്പാന്റെ ടക്കേഷി ഇവായ എന്നിവരുമായാണു മാര്‍കോ റൂബിയോ സംസാരിച്ചത്.

‘‘ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്ത‌ാൻ 4 രാഷ്ട്രങ്ങൾക്കും പ്രതിബദ്ധതയുണ്ട്. ബലപ്രയോഗമോ നിര്‍ബന്ധിത നടപടിയോ വഴി നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ഏകപക്ഷീയ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു’’– പ്രസ്താവനയില്‍ വ്യക്തമാക്കി. തയ്‌വാനിൽ ചൈനയുടെ അവകാശവാദങ്ങളെയും തള്ളിക്കളയുന്നതാണ് ഈ പ്രസ്താവനയെന്നാണു വിലയിരുത്തൽ.

ഇന്ത്യയില്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ച ക്വാഡ് ഉച്ചകോടിയിൽ മാറ്റമില്ലെന്നു യോഗം സ്ഥിരീകരിച്ചു. ഇതോടെ ട്രംപിന്റെ ആദ്യ യാത്രകളിലൊന്ന് ഇന്ത്യയിലേക്കാകും എന്നുറപ്പായി. ക്വാഡ് ഉച്ചകോടിയെ ചൈനയ്‌ക്കെതിരായ പ്രതിരോധമായാണു യുഎസ് കാണുന്നത്. ട്രംപ് സർക്കാരിന്റെ ആദ്യ മണിക്കൂറിൽ തന്നെ നിർണായക ക്വാഡ് യോഗം ചേർന്നതു പ്രാധാന്യമുള്ളതാണെന്നു ജയ്ശങ്കർ എക്സിൽ കുറിച്ചു. അംഗരാജ്യങ്ങളുടെ വിദേശനയത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Quad summit in India: The Quad meeting signals a united front against China's unilateral actions in the Indo-Pacific.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com