പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കല രാജു; കോൺഗ്രസിനു കൂത്താട്ടുകുളത്ത് കാലുകുത്താനാവില്ലെന്ന് സിപിഎം

Mail This Article
കൊച്ചി ∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കൗൺസിലർ കല രാജു കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി. സംഭവത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്‍ക്കുന്നുവെന്നും മൊഴിയിൽ വ്യത്യാസമൊന്നും ഇല്ലെന്നും അവർ പറഞ്ഞു. എന്നാൽ കല രാജുവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്ന നിലപാടിലാണ് സിപിഎം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഒരു സ്ത്രീ 200 മീറ്റർ അകലെയുള്ള പാർട്ടി ഓഫിസിലേക്ക് പോയതാണോ ഇത്ര വലിയ അപരാധമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ചോദിച്ചു.
‘‘കല രാജു പാര്‍ട്ടി അംഗമാണ്. അവർ പാർട്ടിക്ക് ഒരു കത്തു തന്നിരുന്നു. സഹകരണ ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് ഏരിയാ കമ്മിറ്റി ചർച്ച ചെയ്തെങ്കിലും അവിടെ പരിഹരിക്കാൻ സാധിക്കില്ല എന്നു മനസിലാക്കി തുടർ ചർച്ചകൾ നടത്തി വരികയായിരുന്നു. അവർക്ക് ഇപ്പോൾ പറയുന്ന പ്രശ്നങ്ങളേക്കാൾ കൂടുതൽ പ്രശ്നങ്ങളുണ്ട്’’– സി.എൻ. മോഹനൻ പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കല രാജു കോടതിയിലെത്തിയത്. രഹസ്യമൊഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇന്നലെയാണ് മൊഴി നൽകാനായി കല രാജു പോകേണ്ടിയിരുന്നത് എങ്കിലും ആരോഗ്യം മോശമായതിനാൽ യാത്ര റദ്ദാക്കി എന്നായിരുന്നു അറിയിച്ചിരുന്നത്. മൊഴി നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വവും വർധിച്ചതോടെ താൻ സിപിഎമ്മിനെതിരെ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും ഇന്നു തന്നെ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കുകയായിരുന്നു.
കല രാജുവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളിക്കളയുന്ന രീതിയാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഒരാളെ പാർട്ടി തന്നെ തട്ടിക്കൊണ്ടു പോയി എന്നു പറയുന്നതിൽ യാതൊരു അർഥവുമില്ലെന്ന് സി.എൻ. മോഹനന്‍ പറഞ്ഞു. ‘‘ജനുവരി 15 മുതൽ 18 വരെ അവരെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പാർട്ടി അംഗമെന്ന നിലയിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച കൗൺസിലർ എന്ന നിലയ്ക്കും അവരെക്കുറിച്ച് അന്വേഷിച്ചു. അവരുടെ വീട്ടിൽ പോയി അന്വേഷണം നടത്തി. ടെലിവിഷനില്‍ അവർ പറയുന്നതു കേട്ടത് ഒരു ബന്ധു മരിച്ചു, അവിടെയായിരുന്നു എന്നാണ്. എന്നാൽ ഈ പറയുന്ന സമയം ആ ബന്ധു മരിച്ചിട്ടില്ല’’– സി.എൻ. മോഹനൻ പറഞ്ഞു.
‘‘ഞങ്ങൾ എന്തിനാണ് അവരെ തട്ടിക്കൊണ്ടു പോകേണ്ട കാര്യം? ചെയർപേഴ്സന്റെ കാറിലാണ് അവർ പോയത്. 200 മീറ്റർ അകലെയുള്ള പാർട്ടി ഓഫിസിലാണ് അവർ ഉണ്ടായിരുന്നത്. അവിശ്വാസത്തിൽ പങ്കെടുക്കാൻ അവരെ ഹാജരാക്കേണ്ട ബാധ്യത പാർട്ടിക്കില്ല. അവരെ കാണാനില്ല എന്ന പരാതി ഉയർന്നപ്പോൾ പാർട്ടി ഓഫിസിലുണ്ടെന്ന കാര്യം ഞങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അവരെ കൂട്ടിക്കൊണ്ടു പോകാൻ പൊലീസോ മക്കളോ എത്തിയില്ല. പാർട്ടി അവർക്ക് വിപ്പും കൊടുത്തിരുന്നില്ല. പാർട്ടി ഓഫിസിൽ നിന്ന് അവരെ വീട്ടിൽകൊണ്ടു പോയി വിടുകയാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്കൊപ്പം പാർട്ടി ഓഫിസിൽ ഉണ്ടായിരുന്നപ്പോഴും അതു കഴിഞ്ഞും വളരെ സന്തോഷത്തോടെയായിരുന്നു അവർ. എന്നാൽ 8.30നാണ് അവർ ആശുപത്രിയിൽ എത്തുന്നത്. അതുവരെ അവർ ആരുടെ കസ്റ്റഡിയിൽ ആയിരുന്നു. ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ അവർ ബന്ദിയാണ്. ഇപ്പോൾ പറയുന്ന കാര്യങ്ങൾ അവർ നാളെ ആവർത്തിച്ചും പറയും എന്നതിൽ ഞങ്ങൾക്ക് ഉറപ്പില്ല’’ – സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
മാത്യു കുഴൻനാടൻ, അനൂപ് ജേക്കബ് തുടങ്ങിയവർ എന്തിനാണ് സംഭവദിവസം കൂത്താട്ടുകുളത്ത് തമ്പടിച്ചത് എന്നും സി.എൻ.മോഹനൻ ആരാഞ്ഞു. കല രാജു വീട്ടിൽ എത്തിയ ശേഷം പറഞ്ഞ പേരുകളിൽ ഇപ്പോഴത്തെ പേരുകളൊന്നുമില്ല. പിന്നീടാണ് ഈ പേരുകൾ വരുന്നത്. കോൺഗ്രസിന് ആരെയൊക്കെ ഇതിൽ പ്രതികളാക്കണോ ഇനിയും പേരുകൾ വരും. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കണം. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇക്കാര്യങ്ങൾ കൂത്താട്ടുകുളത്തെ ഓരോ വീടുകളിലും കയറി ഞങ്ങൾ പറയും. കല രാജു ഇപ്പോൾ കോൺഗ്രസിന്റെ കസ്റ്റഡിയിലാണ്. അതിനാൽ അവർ പറയുന്ന കാര്യങ്ങൾ ഇപ്പോള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. കൂറുമാറി വോട്ടു ചെയ്യാത്തതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുത്തിട്ടില്ല. എന്നാല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ വസ്തുതാവിരുദ്ധമായി പറഞ്ഞ കാര്യങ്ങളില്‍ നടപടി വേണോ എന്നത് പിന്നീട് ആലോചിക്കും. പൊലീസിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം, അറസ്റ്റ് ചെയ്യാം, അതിന്റെ പിന്നാലെ പോവില്ല. അറസ്റ്റ് ചെയ്താൽ പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയും. ഞങ്ങളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടപടി എടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. കല രാജുവിന്റെ പേരിലൊന്നും കോൺഗ്രസിനു കൂത്താട്ടുകുളത്ത് കാലുകുത്താൻ കഴിയില്ലെന്നും സി.എൻ. മോഹനൻ പറഞ്ഞു.