പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; വാഹന ഉടമ വിദേശത്ത്, പൊലീസ് നോട്ടീസയയ്ക്കും

Mail This Article
കോഴിക്കോട്∙ പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്‍റെ ഉടമ കടലുണ്ടി സ്വദേശി എ.കെ.നൗഫല്‍ വിദേശത്ത്. ഇയാളെ പ്രതിചേര്‍ത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയയ്ക്കും. റജിസ്ട്രേഷനും ഇന്‍ഷുറന്‍സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. നൗഫലിനെയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും രേഖകളും കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്‍റെ സുഹൃത്താണ് നൗഫല്‍. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന്‍ മരിച്ചത്.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പൊലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന്‍ ജെയിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാര്‍. എന്നാല്‍ ഈ കാര്‍ ഡല്‍ഹിയിലെ കമ്പനിക്ക് വിറ്റു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് നൗഫല്‍ കാർ വാങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിന്റെ സുഹൃത്താണ് നൗഫല്‍.