നാഗാലാൻഡിൽ 15 എൻപിപി നേതാക്കൾ കോൺഗ്രസിൽ; ചേർന്നത് സംസ്ഥാന ഉപാധ്യക്ഷനടക്കം

Mail This Article
കൊഹിമ∙ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി നീക്കങ്ങൾ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) നാഗാലാൻഡ് ഘടകത്തിലെ പ്രമുഖരായ 15 പേരാണ് കോൺഗ്രസിലേക്കു ചേർന്നത്. നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും ലോക്സഭാ എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിലേക്കു ചേർന്നത്.
എൻപിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എൽ. ഹികെതോ ഷോഹെ. മഹിള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിൻ കുമാർ, അകിതി ചിഷി എന്നിവർക്കൊപ്പം എൻപ്പിയുടെ യുവജന വിഭാഗം നേതാക്കളും കോൺഗ്രസിൽ ചേർന്നു. 2003 വരെ തുടർച്ചയായി കോൺഗ്രസ് ആയിരുന്നു നാഗാലാൻഡ് ഭരിച്ചത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനായില്ല.
‘‘പാർട്ടിയുടെ വഴിത്തിരിവാണ് ഇവരുടെ പ്രവേശനം. ഭരിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറുന്ന ട്രെൻഡിൽനിന്നുമാറി കോൺഗ്രസിന് ജനപിന്തുണയേറുന്നുവെന്നതാണ് ഇതു വ്യക്തമാകുന്നത്. നാഗാലാൻഡിന്റെ വികസനത്തിനായി യുവാക്കൾ ഒത്തുചേരുകയാണ്’’ – ജാമിർ പറഞ്ഞു. മേഘാലയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എൻപിപി പാർട്ടിയുടെ പ്രവർത്തനത്തിൽ സഹികെട്ടാണ് പാർട്ടി വിട്ടതെന്ന് ബിടോങ് സാങ്തം പറഞ്ഞു.