അപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; ഐ.സി. ബാലകൃഷ്ണനെ നാളെ ചോദ്യം ചെയ്യും

Mail This Article
ബത്തേരി∙ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ കോൺഗ്രസ് നേതാക്കൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എൻ.ഡി. അപ്പച്ചനെയും കെകെ.ഗോപിനാഥനെയും ചോദ്യം ചെയ്തു. നാളെ മുതൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ എൻ.ഡി. അപ്പച്ചനെയും കൂട്ടി പൊലീസ് ഡിസിസി ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ദിവസം ചോദ്യം ചെയ്യലിനിടെ കെകെ.ഗോപിനാഥന്റെ വീട്ടിൽ നിന്നും ചില രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ്, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മരണത്തിന് ഉത്തരവാദികൾ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേെസടുത്തത്.
അതേ സമയം, സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബത്തേരി അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്‍.എം. വിജയന്റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.