‘550ന്റെ പിപിഇ കിറ്റുകൾ 1550ന് വാങ്ങിയതിന്റെ ചേതോവികാരം എന്ത്?; ഞങ്ങളെ മരണത്തിന്റെ വ്യാപാരികൾ എന്നു വിളിച്ചു’

Mail This Article
കോഴിക്കോട്∙ മരണ വീട്ടിൽ പോക്കറ്റടിക്കുന്നതിനെക്കാൾ തരംതാണ രീതിയിൽ കോവിഡ് കാലത്ത് സർക്കാർ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് സിഎജി റിപ്പോർട്ടെന്ന് ഷാഫി പറമ്പിൽ എംപി. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെട്ടെന്ന് ആവശ്യം വന്നപ്പോൾ കൂടിയ വിലയ്ക്ക് കിറ്റുകൾ വാങ്ങിയെന്നാണു സർക്കാർ പറയുന്നത്. 550 രൂപയ്ക്കു വാങ്ങിക്കൊണ്ടിരുന്ന കിറ്റുകൾ അതേ വിലയ്ക്കു കൊടുക്കാമെന്നു പറഞ്ഞ കമ്പനികളെ മാറ്റി നിർത്തി 1550 രൂപയ്ക്കു വാങ്ങിയതിന്റെ ചേതോവികാരം എന്താണ്? യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ അഴിമതിയുണ്ടായതെങ്കിൽ കേരളം എന്തെല്ലാം കാണേണ്ടി വന്നേനെ. സിഎജി റിപ്പോർട്ട് കെപിസിസി ഓഫിസിൽ നിന്നല്ല തയാറാക്കുന്നത്. സർക്കാർ സംവിധാനത്തിന്റെ കണ്ടെത്തലാണ്.
കോടതി സ്വമേധയാ കേസെടുക്കേണ്ട സമയം അതിക്രമിച്ചു. മനുഷ്യത്വരഹിതമായ പിആർ പ്രവർത്തികളാണ് കോവിഡ് കാലത്ത് നടത്തിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് യുഡിഎഫ് ആലോചിക്കും. കോവിഡ് കാലത്ത് ദുരിതം താണ്ടി വാളയാർ കടന്നെത്തിയ മലയാളികൾക്ക് വെള്ളവും പഴവും നൽകിയതിന്റെ പേരിൽ ഞങ്ങളെ മരണത്തിന്റെ വ്യാപാരികൾ എന്നു വിളിച്ചവരാണ് ഈ അഴിമതികളെല്ലാം ചെയ്തു കൂട്ടിയതെന്നും ഷാഫി പറഞ്ഞു.