550 രൂപ നിരക്കിൽ 25,000 പിപിഇ കിറ്റ്; ‘ടെക്സ്റ്റിക്കോട്ടി’ന്റെ കത്ത് പുറത്തുവിട്ട് വി.ഡി.സതീശൻ

Mail This Article
തിരുവനന്തപുരം ∙ 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതിന്റെ തലേദിവസം അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 പിപിഇ കിറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കമ്പനി സർക്കാരിനു നൽകിയ കത്ത് പുറത്തുവിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. കക്ഷിനേതാക്കളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സതീശനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘‘അവരുടെ കയ്യില്‍ നിന്നും 550 രൂപയ്ക്ക് വാങ്ങാതെയാണ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത്. ഇതിലൂടെ മുന്‍ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. നിയമവിരുദ്ധമായി സാന്‍ ഫാര്‍മയ്ക്ക് 100 ശതമാനം അഡ്വാന്‍സും നല്‍കി. 550 രൂപയ്ക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് കിറ്റുകൾ വിതരണം ചെയ്തത്. കേരള മെഡിക്കല്‍ സര്‍വീസസ് കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനു വരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് ഈ അഴിമതി മാറിയിരിക്കുകയാണ്. ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ക്കു പോലും ക്ഷാമം നേരിടുന്നതിനു കാരണം മെഡിക്കൽ സർവീസസ് കോർപറേഷന്റെ പിടിപ്പുകേടാണ്’’ – സതീശൻ ആരോപിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസസംയുക്തങ്ങള്‍ക്കു മാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകും. എന്നിട്ടാണ് പാവങ്ങള്‍ പോകുന്ന 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയത്. കൊലക്കുറ്റത്തിനു സമാനമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. നൂറു കോടിയുടെ മരുന്നിന് ഓര്‍ഡര്‍ നല്‍കിയാല്‍ കൈക്കൂലിയായി കമ്പനി 80 കോടി രൂപ മടക്കി നല്‍കും. നശിപ്പിച്ചു കളയേണ്ട മരുന്ന് 20 ശതമാനം വിലയ്ക്കു വാങ്ങി 80 ശതമാനം കൈക്കൂലിയാണ് വാങ്ങിയത്. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് കാലാവധി കഴിഞ്ഞ മരുന്ന് വാങ്ങിയതിലൂടെ നടത്തിയത്. ചില കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാര പരിശോധന പോലും നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
ഒരു വര്‍ഷത്തെ 54,049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചതെന്നാണ് സിഎജി കണ്ടെത്തല്‍. 46 ഇനം മരുന്നുകള്‍ക്ക് ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കമ്പനികളെ സഹായിച്ച് കോടികളാണ് കോവിഡ് കാലത്ത് ഇവര്‍ കൈപ്പറ്റിയത്. പുര കത്തുന്ന കാലത്ത് അവര്‍ വാഴവെട്ടുകയായിരുന്നു. പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണമാണ് സിഎജി ശരിവച്ചിരിക്കുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിക്കും കെ.കെ.ശൈലജയ്ക്കും പങ്കുണ്ടെന്നും സതീശൻ ആവർത്തിച്ചു.
മദ്യനിർമാണ ശാലയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണം രമേശ് ചെന്നിത്തലയും താനും രണ്ടായി ഉന്നയിക്കുന്നതിലായിരുന്നു മന്ത്രി എം.ബി. രാജേഷിനു വിഷമം. അതുകൊണ്ട് കൂടിയാണ് സംയുക്ത വാര്‍ത്താസമ്മേളനം. അടിയന്തര പ്രമേയമായി ആരോപണം ഉന്നയിച്ചില്ലെന്നാണ് മന്ത്രി ഇന്നലെ ആക്ഷേപിച്ചത്. ഈ മന്ത്രി പാര്‍ലമെന്ററികാര്യ മന്ത്രി കൂടിയാണ്. അഴിമതി ആരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാനാകില്ല. എഴുതിക്കൊടുത്തു മാത്രമെ ഉന്നയിക്കാനാകൂ. ഇതല്ലാതെ മന്ത്രിക്ക് ഒരു മറുപടിയുമില്ലെന്നും സതീശൻ പറഞ്ഞു.