ചിത്രങ്ങളെടുത്ത് പങ്കുവയ്ക്കണം, എഎപിയെ തുറന്നുകാട്ടണം; ബൂത്ത് തല പ്രവർത്തകരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം

Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിൽ തകർന്ന അഴുക്കുചാലുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങൾ എടുത്ത് എഎപിയെ തുറന്നുകാട്ടണമെന്ന് പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പകർത്തുന്ന ചിത്രങ്ങൾ ലോക്കേഷൻ സഹിതം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘എഎപിയെ തുറന്നുകാട്ടാൻ ബിജെപി ബൂത്ത് പ്രവർത്തകനു വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ ബൂത്തിലെ ഓരോ തെരുവിന്റെയും ചിത്രങ്ങൾ നിങ്ങൾ എടുക്കണം. അഴുക്കുവെള്ളം ഒഴുകുന്ന തകർന്ന ഓടകൾ, മാലിന്യക്കൂമ്പാരങ്ങൾ എന്നിവയുടെ വിഡിയോ എടുക്കുകയും ലോക്കേഷൻ സഹിതം അവയൊക്കെ പങ്കുവയ്ക്കുകയും വേണം’’ – പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സർക്കാർ രൂപീകരിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് നാം ഓർക്കണം. എഎപി ഉണ്ടാക്കിയ പ്രശ്നങ്ങളിൽ നിന്നും ഡൽഹിയെ മോചിപ്പിക്കണം. ഇതു സംഭവിക്കുമ്പോൾ മാത്രമേ ഡൽഹിയെ വികസിത തലസ്ഥാനമാക്കാനാകൂ. എല്ലാ ബൂത്തിലും മൂന്നും നാലും തലമുറ പ്രവർത്തകരുള്ള ഈ സംഘടനയുടെ ഡൽഹിയിലെ കരുത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നൽകുമെന്ന് ഉറപ്പുണ്ട്. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിനു ഫലമുണ്ടാകും. നിങ്ങളുടെ ബൂത്തിൽ, നിങ്ങൾ ഒരു വലിയ വിജയം കൈവരിക്കാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എഎപിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ഇരു പാർട്ടികളും അവരവരുടെ ഭരണകാലത്ത് ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ആരോപിച്ചു. എഎപിയിലും അവരുടെ നുണകളിലും വഞ്ചനയിലും ഡൽഹിയിലെ ജനങ്ങൾ ഇപ്പോൾ മടുത്തിരിക്കുകയാണ്. ആദ്യം കോൺഗ്രസും പിന്നീട് എഎപിയും ഡൽഹിയിലെ ജനങ്ങളെ ഒരുപാട് വഞ്ചിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.