ADVERTISEMENT

തിരുവനന്തപുരം ∙ കഠിനംകുളത്തു പട്ടാപ്പകൽ വീടിനുള്ളിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു.

രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി.

ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതി ട്രെയിനിൽ കയറി സ്ഥലംവിട്ടെന്നാണു നിഗമനം. 4 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

∙ ആരും കേട്ടില്ല, നിലവിളി

ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണു പൊലീസിന്റെ നിഗമനം. സമൂഹമാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്.

∙ കൊലയാളി പോയത് ആതിരയുടെ സ്കൂട്ടറിൽ

ആതിരയുടെ സ്കൂട്ടറിൽ തന്നെയാണു കൊലയാളി കടന്നുകളഞ്ഞത്. ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.

ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോർച്ചറിയിൽ. കൊലയാളി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

English Summary:

Kadinamkulam Athira Murder Case: Police search for the accused.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com