വിലങ്ങാട്ട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ അടുത്ത മാസം; അനാഥമാക്കില്ല: ഷാഫി

Mail This Article
കോഴിക്കോട് ∙ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യ തറക്കല്ലിടൽ പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ അടുത്ത മാസം തന്നെ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി. വിലങ്ങാടിന് നീതി വേണം എന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ദുരന്തബാധിതർക്കൊപ്പം കോൺഗ്രസുണ്ടാകും. ദുരന്തം മുന്നിൽകണ്ട് ആളുകൾ മാറിയതുകൊണ്ടാണ് ഒരുപാട് ജീവൻ നഷ്ടപ്പെടാതിരുന്നത്. എന്നാൽ വിലങ്ങാട് വലിയ ദുരന്തമുണ്ടായി. പുനരധിവാസത്തിൽ വിലങ്ങാടിനോട് കാണിക്കുന്ന അവഗണന അംഗീകരിക്കാൻ പറ്റില്ല. സർക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണ് യുഡിഎഫ് ചെയ്തത്. രാഷ്ട്രീയപ്രേരിതമായി ഒരു സമരം പോലും നടത്തിയില്ല.
സന്നദ്ധ സംഘടനകളും മതമേലധ്യക്ഷരും ഉൾപ്പെടെ വീടുകൾ നിർമിച്ചു നൽകാമെന്ന് അറിയിച്ചു. ഇവരുമായി ഒരു ചർച്ച പോലും നടത്താൻ ഇതുവരെ സർക്കാർ തയാറായില്ല. അതിനാൽ പ്രഖ്യാപിച്ച വീടുകൾ അടുത്ത മാസം മുതൽ കോൺഗ്രസ് സ്വന്തം നിലയ്ക്കു നിർമാണം തുടങ്ങും. നാടിനെ അനാഥമാക്കാൻ അനുവദിക്കില്ല. അന്യായമായി ആരും ഒന്നും ചോദിച്ചു വന്നിട്ടില്ല. വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. നഷ്ടങ്ങൾ സഹിച്ച് ഇനിയും മുന്നോട്ടു പോകാൻ സാധിക്കില്ല’’– ഷാഫി പറഞ്ഞു.
ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവരും വീടുകൾ വാസയോഗ്യമല്ലാതായവരുമായി നൂറ്റൻപതോളം പേരാണ് കലക്ടറേറ്റിൽ സമരത്തിനെത്തിയത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ ജൂലൈ 30നാണ് വിലങ്ങാടും ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നൽകുന്ന അതേ സഹായങ്ങൾ വിലങ്ങാടും നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടിയായില്ല.