മണിക്കൂറുകൾ നീണ്ട പരിശ്രമം; ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി

Mail This Article
മലപ്പുറം ∙ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയിലേക്ക് കയറ്റി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ രാത്രി പത്തോടെയാണ് കാട്ടാനയെ കിണറ്റിൽനിന്ന് കരകയറ്റാനായത്. തുടര്‍ന്ന് ആന വനത്തിലേക്ക് കയറിപോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്.
കാട്ടാന അകപ്പെട്ട കിണറിന്‍റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ശേഷം രാത്രി എട്ടോടെയാണ് കിണർ പൊളിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്‍റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു. ഇതിലൂടെ പലവട്ടം ആന കയറാൻ ശ്രമിച്ചെങ്കിലും പിൻകാലുകള്‍ കിണറ്റിൽനിന്ന് ഉയര്‍ത്താനാകാതെ പ്രയാസപ്പെട്ടു.
ആനയ്ക്ക് കാര്യമായ പരുക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാവിലെ മുതൽ കിണറ്റിൽ തന്നെ കിടന്നതിനാൽ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും.