‘10 വർഷം, ഒരു ആശുപത്രി പോലും നിർമിച്ചില്ല, 382 കോടിയുടെ അഴിമതി’: എഎപിക്കെതിരെ കോൺഗ്രസ്

Mail This Article
ന്യൂഡൽഹി ∙ ആരോഗ്യ സംരക്ഷണ മേഖലയിൽ ഡൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, അഴിമതി സംബന്ധിച്ച് 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നെന്നും എന്നാൽ ഒരെണ്ണം പോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്.
10 വർഷത്തിൽ സംസ്ഥാനത്ത് ഒരു പുതിയ ആശുപത്രി പോലും നിർമിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് സർക്കാർ നിർമാണം തുടങ്ങിവച്ച 3 ആശുപത്രികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ നിർമാണത്തിൽ 5 വർഷത്തെ താമസമുണ്ടായി. ടെൻഡർ തുകയേക്കാൾ 314.9 കോടി രൂപ അധികമായി ചെലവഴിച്ചു. ബുറാഡി ആശുപത്രി 6 വർഷവും മൗലാന ആസാദ് ഡെന്റൽ ആശുപത്രി 6 വർഷവും വൈകിപ്പിച്ചു.
ബുറാഡി ആശുപത്രിക്ക് 41.26 കോടി രൂപയും മൗലാന ആസാദ് ഡെന്റൽ ആശുപത്രിക്ക് 26.36 കോടി രൂപയും അധികമായി ചെലവഴിച്ചു. സിഎജി റിപ്പോർട്ട് പ്രകാരം, 2007 നും 2015 നും ഇടയിൽ ആശുപത്രി നിർമാണത്തിനായി 15 സ്ഥലങ്ങൾ ഏറ്റെടുത്തു. ആശുപത്രികളും ഡിസ്പെൻസറികളും നിർമിക്കേണ്ടതായിരുന്നു. പക്ഷേ ഒരു ജോലിയും ആരംഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. അഴിമതിയിൽ അന്വേഷണം നടത്താൻ ലഫ്റ്റനന്റ് ഗവർണർ ഉത്തരവിടണമെന്നും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദ്ര യാദവ്, കോൺഗ്രസ് നേതാവ് അജയ് മാക്കൻ എന്നിവർ ആവശ്യപ്പെട്ടു.
പാഴാക്കിയത് 2,623 കോടി
∙ 2016-17 മുതൽ 2021-22 വരെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുവദിച്ച പണത്തിൽ നിന്ന് 2,623 കോടി രൂപ കാലാവധി കഴിഞ്ഞതിനാൽ പാഴായിപ്പോയി.
∙കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച 635.62 കോടി രൂപയിൽ 56.74 ശതമാനം (360.64 കോടി രൂപ) ചെലവഴിച്ചിട്ടില്ല.
∙2016-17 മുതൽ 2020-21 വരെയുള്ള 4 വർഷത്തെ ബജറ്റിൽ ആശുപത്രി കിടക്കകളുടെ എണ്ണം 1,235 ആയി വർധിപ്പിക്കാൻ തുക വകയിരുത്തിയെങ്കിലും 3.86 ശതമാനം വർധനവേയുണ്ടായുള്ളൂ.
∙ എൽഎൻജെപി ആശുപത്രിയിൽ പൊള്ളലേറ്റവർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കുന്നില്ല.
∙ആശുപത്രികളിൽ 21 ശതമാനം നഴ്‌സുമാരുടെ കുറവുണ്ട്. ചില ആശുപത്രികളിൽ 34 ശതമാനം വരെ ഒഴിവുകൾ നികത്തിയിട്ടില്ല.
∙പാരാമെഡിക്കൽ ജീവനക്കാർ 30 ശതമാനം കുറവുണ്ട്.
∙സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ 30 ശതമാനം കുറവും നോൺ-സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 28 ശതമാനം കുറവും, മെഡിക്കൽ ഓഫിസർമാരുടെ 9 ശതമാനം കുറവുണ്ട്.