‘കാന്തപുരം പറഞ്ഞതിലേക്ക് എത്തണമെന്നാണ് ആഗ്രഹം; വിഷയം ഉൾപാർട്ടി ചർച്ചകളിലുണ്ട്’

Mail This Article
കോഴിക്കോട്∙ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞ കാര്യങ്ങൾ ദീർഘനാളായി ഉൾപാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യുന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ. കണ്ണൂർ ജില്ലയിൽ ഒറ്റ വനിതാ ഏരിയ സെക്രട്ടറിമാർ പോലും ഇല്ലെന്ന അബൂബക്കർ മുസല്യാരുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം പറഞ്ഞതിലേക്ക് എത്തണമെന്നാണു ഞങ്ങളും ആഗ്രഹിക്കുന്നത്. കുറേ കാലമായി ഈ വിഷയം ഞങ്ങളുടെ ഉൾപാർട്ടി ചർച്ചകളിലുണ്ട്. കാന്തപുരം ആദരണീയനായ വ്യക്തിയാണ്. ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. കാന്തപുരവും അദ്ദേഹത്തിന്റെ സംഘടനകളും മതനിരപേക്ഷതയ്ക്കു വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്നു. അക്കാര്യത്തിൽ ഞങ്ങൾ നല്ല യോജിപ്പിലാണ്. മതകാര്യങ്ങളിൽ മതനേതാക്കൾക്കും രാഷ്ട്രീയ നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടാകുന്നതു സ്വാഭാവികം. വിശ്വാസവും മതവും അവരുടെ വഴിക്കും രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലപാടിനനുസരിച്ചും മുന്നോട്ട് പോകുമെന്നും മോഹനൻ പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അര ലക്ഷത്തോളം പേർ സമ്മേളന റാലിയിൽ പങ്കെടുക്കും. 500ൽ അധികം പേർ സമ്മേളനത്തിൽ പങ്കാളികളാകും. 3 ദിവസവും സമ്മേളനത്തിലുണ്ടാകുന്ന മുഖ്യമന്ത്രി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻപില്ലാത്ത വിധം വനിതകളുടെ മുന്നേറ്റമുണ്ടായിട്ടുണ്ട്. പാർട്ടി ഉത്തരവാദിത്തങ്ങളിലും ചുമതലകളിലും വനിത പ്രാതിനിധ്യം വർധിച്ചു. ജില്ലയിൽ 395 ബ്രാഞ്ച് സെക്രട്ടറിമാർ വനിതകളാണ്. 10 ലോക്കൽ സെക്രട്ടിമാരും വനിതകളാണെന്നും മോഹനൻ പറഞ്ഞു.
മെക് 7 വ്യായാമ കൂട്ടായ്മയിൽ സ്ത്രീ–പുരുഷൻമാർ ഇടകലരുന്നതിനെതിരെ കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കാന്തപുരത്തെ തള്ളുകയും സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നും പ്രതികരിച്ചു. ഇതിനു മറുപടിയുമായി കാന്തപുരം രംഗത്തെത്തി. ഗോവിന്ദന്റെ കണ്ണൂർ ജില്ലയിലെ ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നായിരുന്നു വിമർശനം. കാന്തപുരത്തിന്റെ വിമർശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പി. മോഹനൻ സ്വീകരിച്ചത്