ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കഥകളി ആചാര്യൻമാർവരെ വണങ്ങുന്ന കലാ അണിയറയിലെ കാരണവർ മാങ്ങോട് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ (96) അന്തരിച്ചു. രാവിലെ ഒൻപതോടെ ആയിരുന്നു അന്ത്യം. 1928 ഓഗസ്റ്റ് മൂന്നിന് ചെർപ്പുളശ്ശേരി മാങ്ങോട് കുഞ്ഞൻ തരകന്റെയും കുട്ടി പെണ്ണമ്മയുടെയും മകനായി 1928 ഓഗസ്റ്റ് 3നാണ് ജനനം. പതിനാലാം വയസ്സിൽ ഒളപ്പമണ്ണ മന കളിയോഗത്തിലെ അണിയറയിൽ വേഷക്കാർക്ക് ഉടുത്തുകെട്ടാൻ സഹായിച്ചാണു തുടക്കം. അന്തരിച്ച സഹോദരി കുഞ്ഞിമാളു അമ്മയുടെ ഭർത്താവ് കൊല്ലങ്കോട് ശങ്കരൻ എന്നറിയപ്പെട്ടിരുന്ന പാമ്പത്ത് ശങ്കരനാണു ഗുരു.

കഥകളി എവിടെയാണെങ്കിലും കോപ്പുപെട്ടിയിൽ ചുമന്നുകൊണ്ടുപോകുന്ന കാലം മുതൽ കളിയരങ്ങുകളിൽ നിറഞ്ഞാടിയ വേഷങ്ങൾക്ക് പിന്നിൽ അപ്പുണ്ണി തരകന്റെ കൈകളുണ്ട്. കഥകളി ആചാര്യൻമാരായ ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, കോപ്പൻ നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, ഗുരു ചാത്തുണ്ണി പണിക്കർ, ഗുരു കീഴ്പാടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ പ്രഗൽഭരെയും യുവജനോത്സവത്തിലെ കുട്ടികളെയും ഉൾപ്പെടെ 8 തലമുറകളെ അണിയിച്ചൊരുക്കി.

കോട്ടക്കൽ പിഎസ്‍വി നാട്യസംഘം, ഉണ്ണായി വാര്യർ സ്മാരക കലാനിലയം, കേരള കലാമണ്ഡലം, സദനം കഥകളി അക്കാദമി എന്നിവിടങ്ങളിലെയും പ്രധാന അണിയറക്കാരനായിരുന്നു. 10 വർഷം കേരള കലാമണ്ഡലത്തിൽ സ്ഥിരം ഗ്രീൻ റൂം ആർട്ടിസ്റ്റായിരുന്നു. 1984ൽ വിരമിച്ചു. കലാമണ്ഡലത്തിന്റെ മുകുന്ദ രാജ അവാർഡ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്, കേരള സംഗീത നാടക അക്കാദമി - ടഗോർ ജയന്തി സ്പെഷൽ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സംസ്കാരം പിന്നീട്. പരേതയായ പാറുക്കുട്ടി അമ്മയാണു ഭാര്യ. മക്കൾ: ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ശിവരാമൻ, മോഹനൻ.

English Summary:

Renowned Kathakali backstage artist Appunni Tarakan passed away.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com