നേതാക്കൾ ജയിലിൽ; ജിഷയുടെ കീഴടങ്ങലോടെ അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ

Mail This Article
കൽപറ്റ∙ ഛത്തീസ്ഗഡ് – ഒഡീഷ വനത്തിൽ സുരക്ഷാ ഏജൻസികൾ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ വാർത്ത വരുമ്പോൾ േകരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനൽത്തരിയും കെട്ട നിലയിലാണ്. വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ മാവോയിസ്റ്റുകൾ വൻ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥ. മലയാളിയായ അവസാനത്തെ മാവോയിസ്റ്റും കീഴടങ്ങിയതോടെയാണു രക്തരൂക്ഷിതമായ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമായത്. മാവോയിസ്റ്റ് വേട്ട മുൻനിർത്തി രൂപീകരിച്ച തണ്ടർബോൾട്ടിന് ഇനി മറ്റു പണികൾ നോക്കേണ്ടി വരും.
വയനാട് സ്വദേശിയായ ജിഷ കീഴടങ്ങിയതോടെയാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിനു പരിസമാപ്തിയായത്. കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ഒപ്പമാണ് ജിഷയും കീഴടങ്ങിയത്. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം പിടിയിലാകാനുണ്ടായിരുന്ന അവസാനത്തെ മലയാളിയായ മാവോയിസ്റ്റാണ് ജിഷ. ജിഷ ഉൾപ്പെടെ ആറു മാവോയിസ്റ്റുകളാണ് ജനുവരി എട്ടിന് കർണാടകയിൽ കീഴടങ്ങിയത്. 24ാം വയസ്സിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന ആളാണ് വയനാട് തലപ്പുഴ സ്വദേശി ജിഷ.
പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും പട്ടികയിൽ കേരളത്തിൽനിന്നുള്ള ഇരുപതോളം മാവോയിസ്റ്റുകളാണുണ്ടായിരുന്നത്. വയനാടിനോടു ചേർന്ന വനങ്ങളായിരുന്നു ഇവരുടെ താവളം. ഇവരിൽ പലരും കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ െചയ്തു. ചിലർ വന്യമൃഗ ആക്രമണത്തിലാണു മരിച്ചത്. സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേരായിരുന്നു കേരളത്തിൽ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്. ഇവർ നാലുപേരും കഴിഞ്ഞ ഓഗസ്റ്റോടെ പിടിയിലായി. ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനം ഏറെക്കുറെ അവസാനിച്ചെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
2014ലാണ് ജിഷ സംഘടനയിൽ ചേർന്നത്. ആദ്യം വയനാട് ഉൾപ്പെടുന്ന കബനി ദളത്തിലായിരുന്നു പ്രവർത്തനം. പിന്നീട് ഭവാനി ദളത്തിലേക്കു മാറി. കർണാടകയിൽ കീഴടങ്ങിയ മറ്റൊരു മാവോയിസ്റ്റായ തമിഴ്നാട് സ്വദേശി വസന്ത് എന്ന രമേശന്റെ ഭാര്യയാണ് ജിഷ. സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ കീഴിലാണ് ഇവർ കീഴടങ്ങിയത്. മാനന്തവാടിയിൽ നാലും കൽപറ്റയിൽ പന്ത്രണ്ടും കേസുകൾ ജിഷയ്ക്കെതിരെയുണ്ട്. എന്നാൽ ഇവ അക്രമങ്ങളുമായി ബന്ധപ്പെട്ടല്ല. ആയുധം കൈവശം വയ്ക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയവയാണു കേസുകൾ.
തണ്ടർബോൾട്ടിന് ഇനിയെന്ത്?
കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ രണ്ടു വിഭാഗമായാണ് തണ്ടർബോൾട്ട് പ്രവർത്തിക്കുന്നത്. ലോക്കൽ പൊലീസ് സ്റ്റേഷന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ഒരുവിഭാഗവും വനത്തിലും മറ്റും ദൗത്യത്തിനു പോകുന്ന മറ്റൊരു വിഭാഗവും. ലോക്കൽ പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്നവർ വനത്തിൽ ഓപ്പറേഷനുകൾക്കു പോകാറില്ല. മാവോയിസ്റ്റുകൾ ഇല്ലാതായെങ്കിലും തണ്ടർബോൾട്ടിന്റെ പ്രവർത്തനത്തിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ഉത്സവങ്ങൾ ഉൾപ്പെടെ ജനക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തണ്ടർബോൾട്ട് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകുന്നുണ്ട്. കമാൻഡോ വിഭാഗത്തിൽപ്പെടുന്നവർ ക്യാംപുകളിൽ തന്നെ തുടരുകയാണു. പരിശീലനവും മറ്റും പതിവുപോലെ നടത്തുന്നു.
2012 ലാണു തണ്ടർബോൾട്ടിന്റെ ആദ്യ ബാച്ച് പരേഡ് കഴിഞ്ഞു പുറത്തിറങ്ങിയത്. 160 പേരാണ് ആദ്യ ബാച്ചായി ഇറങ്ങിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ കീഴിലാണ് സംസ്ഥാന പൊലീസിന്റെ കമാൻഡോ വിഭാഗമായ തണ്ടർബോൾട്ട് പ്രവർത്തിക്കുന്നത്. വനത്തിലെ ഒളിയുദ്ധം, ഭീകരാക്രമണം തടയൽ, ബോംബ് കണ്ടെത്തി നശിപ്പിക്കൽ, ഡോഗ് സ്ക്വാഡ്, ദുരന്തനിവാരണം, തുടങ്ങി വിവിധ മേഖലകളിൽ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇവർ പുറത്തിറങ്ങുന്നത്. ക്രിമിനൽ സൈക്കോളജി, സൈബർ ക്രൈം ഉൾപ്പെടെയുള്ള കാര്യങ്ങളും പഠിക്കുന്നുണ്ട്. റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാനും ഇവർക്കു പരിശീലനം ലഭിക്കും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിവിധ സേനകളുടെ കീഴിലായി ഒന്നരവർഷക്കാലത്തെ പരിശീലനമാണ് ഇവർക്കു ലഭിക്കുന്നത്. എപ്പോഴും കായികക്ഷമത കാത്തു സൂക്ഷിക്കുന്നതിനു ക്യാംപുകളിൽ നിരന്തരം പരിശീലനം നടത്തിവരികയാണ്. മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും തണ്ടർബോൾട്ടിന്റെ പ്രവർത്തനരീതികൾക്കൊന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വനമേഖലകളിലുൾപ്പെടെ പരിശോധന നടത്തുകയും ഏറ്റമുട്ടലിനുൾപ്പെടെയുള്ള പരിശീലനങ്ങളും തുടരുകയാണ്.
അവസാന കനലും കെട്ടു
വയനാട് സ്വദേശിയായിരുന്നെങ്കിലും ജിഷ കേരളത്തിലല്ല പ്രവർത്തിച്ചിരുന്നത്. ഇവർ കർണാടക വിരാജ്പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായി തിരിഞ്ഞായിരുന്നു മാവോയിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങൾ ഇല്ലാതായി. ഇതിനിടെ ചിലർ കീഴടങ്ങി. കാപ്പിക്കളം, ലക്കിടി, ചപ്പാരം, കണ്ണൂർ അയ്യൻകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതോടെ മാവോയിസ്റ്റുകളിൽ ഒരുസംഘം കർണാടകയിലേക്കു മാറി. പിന്നീട് സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർമാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂർ വനമേഖലകളിൽ പ്രവർത്തിച്ചത്. ഇവർ പിടിയിലായതോടെ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനം അവസാനിച്ചു. ജിഷ പിടിയിലായതോടെ കേരളത്തിൽനിന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന അവസാന ആളും ആ പാത വെടിഞ്ഞു.
മാവോയിസ്റ്റ് പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്നവർ നിരവധിപ്പേർ മലബാറിലുണ്ട്. സി.പി.മൊയ്തീന്റെ സഹോദരൻ സി.പി.റഷീദ്, ഷാന്റോ ലാൽ തുടങ്ങിയവരാണ് അവരിൽ പ്രധാനികൾ. റഷീദിന്റെ സഹോദരൻ സി.പി.ജലീലിനെ 2019 മാർച്ചിൽ വൈത്തിരിയിലെ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളെല്ലാം ജയിലിലായതിനാൽ വീണ്ടും മവോയിസ്റ്റ് പ്രസ്ഥാനം തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. പ്രധാന മാവോയിസ്റ്റ് നേതാവായ രൂപേഷ് ഉൾപ്പെടെ ജയിലിലാണ്. ഇവരൊന്നും അടുത്തകാലത്തൊന്നും പുറത്തിറങ്ങാൻ സാധ്യതയില്ല. യുവാവക്കൾക്കു താൽപര്യം ഇല്ലാത്തതിനാൽ പുതിയൊരു മാവോയിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ പച്ചപിടിക്കാൻ സാധ്യതയില്ലെന്നുമാണു പൊലീസ് ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ.