ട്രംപിന്റെ ചടങ്ങിൽ പങ്കെടുത്ത്, ഖലിസ്ഥാൻ മുദ്രാവാക്യം വിളിച്ച് പന്നു?; വിഡിയോ വൈറൽ

Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവും പങ്കെടുത്തെന്നു റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പന്നു പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന പന്നുവിന്റെ വിഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
വിഐപികൾ നിറഞ്ഞ ഉദ്ഘാടന ചടങ്ങിലാണു പന്നു പങ്കെടുത്തത്. ട്രംപും ഭാര്യ മെലാനിയയും വേദിയിലെത്തിയപ്പോൾ എല്ലാവരും ‘യുഎസ്എ, യുഎസ്എ’ എന്നു മുദ്രാവാക്യം മുഴക്കി. ഈ സമയത്ത് ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നു മുദ്രാവാക്യം വിളിക്കുന്ന പന്നുവിനെയാണു വിഡിയോയിൽ കാണുന്നത്. പന്നു തന്നെയാണു സെൽഫി വിഡിയോ എടുത്തതെന്നാണു സൂചന. ട്രംപുമായി ബന്ധമുണ്ടെന്നു കാണിക്കാനാണു ചടങ്ങിൽ പന്നു പങ്കെടുത്തത് എന്നാണു നിഗമനം. മറ്റാരുടെയെങ്കിലും പേരിലോ, ഉയർന്ന തുക നൽകിയോ ആകാം പന്നു ടിക്കറ്റ് സംഘടിപ്പിച്ചതെന്നാണു സമൂഹമാധ്യമങ്ങളിലെ ചർച്ച.
2019 മുതല്‍ ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പന്നുവിനെ നിരീക്ഷിക്കുന്നുണ്ട്. 2020 ജൂലൈ 1ന് പന്നുവിനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചു. പഞ്ചാബിലെ യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിക്കാൻ പന്നു പ്രേരിപ്പിക്കുന്നെന്നാണു കേന്ദ്ര സർക്കാർ നിലപാട്. 2021 ഫെബ്രുവരി 3ന് എന്‍ഐഎ സ്പെഷല്‍ കോടതി പന്നുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അമൃത്‍സറിലെയും ചണ്ഡീഗഡിലെയും പന്നുവിന്റെ വീടും ഭൂമിയും കഴിഞ്ഞ വര്‍ഷം എന്‍ഐഎ കണ്ടുകെട്ടി.