ADVERTISEMENT

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ അസാധാരണ ഐക്യം വേണമെന്നും സുവർണാവസരം പാഴാക്കരുതെന്നും നേതാക്കൾക്കു മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. സിപിഎം ഏകശിലാ വിഗ്രഹം പോലെ മുന്നോട്ടുപോവുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ അവർ‌ക്കിടയിലെ അസ്വാരസ്യങ്ങളും അവസാനിക്കും. കോൺഗ്രസുകാർ തമ്മിൽ‌തല്ലുന്നുവെന്ന സന്ദേശം നല്ലതല്ല. നിയമസഭ പിടിക്കാൻ ഒന്നാന്തരം അവസരമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ തന്നെ ബലിമൃഗമാക്കിയെന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതു ധൃതി പിടിച്ചാണെന്നും മുല്ലപ്പള്ളി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘കോൺഗ്രസിനെ സംബന്ധിച്ചു പാർട്ടി സംവിധാനം താഴെത്തട്ടിൽ സുശക്തമാണെന്ന് പറയാനാകില്ല, അതീവ ദുർബലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണണം. തിരഞ്ഞെടുപ്പ് ഫലം എതിരായാൽ അണികൾക്ക് അത് വിഷമമുണ്ടാക്കും. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അത് എന്റെ ശക്തമായ ദൗർബല്യമായി മാറി. പുനഃസംഘടനയ്ക്കു വേണ്ടിയുള്ള പുനഃസംഘടനയല്ല നടക്കേണ്ടത്. ഗുണപരമായ മാറ്റമാണ് ഉണ്ടാകേണ്ടത്. മുൻപ് രണ്ട് ഗ്രൂപ്പുകളായിരുന്നു. ഇപ്പോൾ രണ്ടെന്നുള്ളത് നാലും അഞ്ചുമായി. ഓരോ ഗ്രൂപ്പിലും ഇന്നു കാണുന്ന നേതാക്കളെ നാളെ കാണുന്നില്ല. കഷ്ടപ്പാടും പ്രയാസവുമൊന്നും അനുഭവിച്ചല്ല ഇവരൊക്കെ വന്നത്. തണലായിട്ടും നിഴലായിട്ടും വാലായിട്ടുമൊക്കെ വന്നവരാണു പലരും. അതിന്റെ പ്രശ്നങ്ങളുണ്ട്. കോൺഗ്രസിനു വലിയൊരു വിഭാഗത്തെ നഷ്ടപ്പെടുന്നുണ്ട്. അത് കോൺഗ്രസ് മെംബർഷിപ്പുള്ളവർ മാത്രമല്ല’’ – മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ പരാജയപ്പെട്ടപ്പോൾ പാർട്ടിക്കൊരു ബലിമൃഗത്തെ വേണമെന്നു കരുതി, അത് ഞാനാകട്ടെ എന്നുവച്ചു. എന്നെ അങ്ങനെയാണു മാറ്റിയത്. തിരഞ്ഞെടുപ്പിനു 4 മാസം മുൻപാണ് ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കി ഒരു കമ്മിറ്റിയെ തിരഞ്ഞെടുപ്പ് നയിക്കാൻ എഐസിസി പ്രഖ്യാപിച്ചത്. ആ കമ്മിറ്റിയിൽ ആറാമനോ ഏഴാമനോ ആയിരുന്നു ഞാൻ. തിരഞ്ഞെടുപ്പ് എന്റെ നേതൃത്വത്തിൽ ആയിരുന്നില്ല എന്ന് എഐസിസി തന്നെ പറഞ്ഞതാണ്. ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടാക്കാതെ 140 മണ്ഡലങ്ങളിലും ഞാൻ ഓടിനടന്നു. പരാജയം കൂട്ടായ ഉത്തരവാദിത്തമാണ്. ലോക്സഭയിൽ വിജയിച്ചപ്പോൾ അത് ഞാൻ എന്റെ വിജയമാണെന്നു പറഞ്ഞിട്ടില്ല. എന്നെ ആരും അന്ന് അനുമോദിച്ചില്ല, എനിക്കതു വേണ്ട. എന്റെ പകരക്കാരനായി ആരെയാണു കെപിസിസി അധ്യക്ഷനാക്കിയത് ? എത്ര ധൃതിപിടിച്ചായിരുന്നു ആ തീരുമാനം. സ്ഥാനം രാജിവയ്ക്കും മുൻപ് ശ്വാസം വിടാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. ആർക്കും പ്രയാസമുണ്ടാകില്ലേ ? കോവിഡ് കാലത്ത് ആരും പുറത്തിറങ്ങാതിരുന്ന സമയത്തു രാവിലെ ഏഴരയ്ക്ക് ഞാൻ ഇന്ദിരാ ഭവനിൽ എത്തുമായിരുന്നു.

ഡോ. എസ്.എസ്. ലാലിനെ വച്ച് ഞാനൊരു കൺ‌ട്രോൾ റൂം തന്നെ കെപിസിസിയിൽ തുറന്നു. വളരെ സജീവമായാണ് ഓരോ പ്രവർത്തനവും ഞാൻ നടത്തിയത്. 25,000 ബൂത്തുകൾ പുനഃസംഘടിപ്പിച്ചതിനൊപ്പം 25,000 വനിതാ വൈസ് പ്രസിഡന്റുമാരെ നിയമിച്ചു. എന്നെ മാറ്റിയ രീതി ശരിയായിരുന്നില്ല. ഹൃദയവേദനയോടെയാണ് ഞാൻ കെപിസിസിയിൽ നിന്നിറങ്ങിയത്. പക്ഷേ ഇന്നും പാർട്ടിക്കു വേണ്ടി സജീവമാണ്. ഞാൻ പിസിസി അധ്യക്ഷനായിരുന്നപ്പോൾ രണ്ട് വർഷം കോവിഡായിരുന്നു. എന്നിട്ടും 14 ജില്ലകളിലും ചുരുങ്ങിയത് 4 തവണയെങ്കിലും പാർട്ടിയെ വളർത്താൻ ഞാൻ എത്തിയിട്ടുണ്ട്. ഇന്ന് ഐക്യത്തോടെ പോകേണ്ട ആളുകൾ തമ്മിലുണ്ടാക്കുന്ന പ്രശ്നങ്ങളിൽ മറച്ചുവയ്ക്കാനാകാത്ത നിരാശയുണ്ട്’’ – മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

English Summary:

Mullappally Ramachandran: Congress unity is crucial for Kerala Assembly election victory, warns Mullappally Ramachandran. He criticized internal party fighting and the weak grassroots structure, emphasizing the need for significant reforms to secure a win.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com