‘സെയ്ഫിന് 25 ലക്ഷം നൽകി ഇൻഷുറൻസ് കമ്പനി; സാധാരണക്കാർക്ക് കവറേജ് കളയാൻ അക്ഷരത്തെറ്റ്’

Mail This Article
മുംബൈ ∙ മോഷ്ടാവിൽനിന്നു കുത്തേറ്റു ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഇൻഷുറൻസ് തുക സംബന്ധിച്ചും വിവാദം. ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽനിന്നു താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചോദ്യങ്ങളാണ് ഉയർന്നത്. ബോളിവുഡ് താരങ്ങളടക്കമുള്ള പ്രമുഖരെയും സാധാരണക്കാരെയും രണ്ടു രൂപത്തിൽ പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ നടപടി വഞ്ചനയാണെന്നാണു ചർച്ചകൾ.
ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽനിന്നു ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണു സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി അനുവദിച്ചു. ലീലാവതി ആശുപത്രിയിലെ 5 ദിവസത്തെ ചികിത്സാച്ചെലവ് 26 ലക്ഷം രൂപ. താരത്തിനു ചെലവായത് ഒരു ലക്ഷം രൂപ മാത്രം. ചെറിയ ആശുപത്രികൾക്കും സാധാരണക്കാർക്കും ഇത്തരം ചികിത്സയ്ക്കായി ഇൻഷുറൻസ് കമ്പനികൾ കുറഞ്ഞ തുക മാത്രമേ അനുവദിക്കാറുള്ളൂ എന്നാണു വിമർശനം.
പല പേരുകൾ പറഞ്ഞു പൂർണ കവറേജ് നൽകില്ലെന്നും വിമർശകർ കുറ്റപ്പെടുത്തി. സാധാരണക്കാരാണു ദുരിതമനുഭവിക്കുന്നതെന്ന് ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു. ഫോമിലെ അക്ഷരത്തെറ്റ് അടക്കമുള്ള പിഴവുകൾക്ക് പോലും കമ്പനികൾ ഇൻഷുറൻസ് തുക നിഷേധിച്ചതും പലരും പങ്കുവച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയ ബംഗ്ലദേശ് സ്വദേശി 6 തവണയാണു നടനെ കുത്തിയത്. ലീലാവതി ആശുപത്രിയിൽ 5 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.