‘പൊതു അകലം അപ്രായോഗികം; പ്രാദേശിക സാഹചര്യം കണക്കിലെടുക്കണം’: ആന എഴുന്നള്ളിപ്പിൽ സംസ്ഥാന സർക്കാർ

Mail This Article
കൊച്ചി ∙ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങളിൽ ഹൈക്കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ. അകലം പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമെന്നാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നതാണ് ഉചിതം. സ്ഥലലഭ്യത, ആനകളുടെ എണ്ണം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കപ്പെടണം. വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള അകലവും ജില്ലാതല സമിതിയുടെ തീരുമാനത്തിനനുസൃതമാകണം. പ്രാദേശിക സാഹചര്യമടക്കം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടി വരുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തേ, ആന എഴുന്നള്ളിപ്പു സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം സുപ്രീം കോടതി പിൻവലിച്ചിരുന്നില്ല. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്. ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്നാണു, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന മുൻപു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.