ഡൽഹിയിൽ പ്രചാരണം നടത്താൻ ജാമ്യം തേടി കലാപക്കേസ് പ്രതി; ഭിന്ന വിധിയുമായി കോടതി

Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി എഐഎംഐഎം സ്ഥാനാർഥിയും ഡൽഹി കലാപക്കേസ് പ്രതിയുമായ താഹിർ ഹുസൈൻ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഭിന്നവിധി. ജസ്റ്റിസ് പങ്കജ് മിത്തൽ ഹുസൈന് ഇടക്കാല ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചപ്പോൾ, പ്രചാരണത്തിനായി ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ വിധിയിൽ അന്തിമ തീരുമാനത്തിനായി ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
വിഷയം വിശാല ബെഞ്ചിലേക്ക് വിടണമോ എന്നതുൾപ്പടെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നാണ് ജാമ്യം നിഷേധിച്ചു ജസ്റ്റിസ് പങ്കജ് മിത്തൽ വ്യക്തമാക്കിയത്. രാജ്യത്ത് വർഷം മുഴുവൻ തിരഞ്ഞെടുപ്പ് നടക്കും. ഈ കേസിൽ ജാമ്യം അനുവദിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചാരണം നടത്താനും ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജികളെത്തും. എന്നാൽ ഫെബ്രുവരി 4 വരെ ഇടക്കാല ജാമ്യത്തിൽ ഹുസൈനെ വിട്ടയയ്ക്കാനാണ് ജസ്റ്റിസ് അമാനുല്ലയുടെ ഉത്തരവ്.
2020ലെ വടക്കുകിഴക്കൻ കലാപക്കേസിലാണ് താഹിറിനെ പ്രതി ചേർത്തത്. കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിലും ഹുസൈൻ പ്രതിയാണ്. 2020ൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.