ബിജെപിക്ക് തലവേദനയായി ശ്രീരാമുലു– ജനാർദനറെഡ്ഡി പോര്; ഫോണിൽ നഡ്ഡയുടെ താക്കീത്

Mail This Article
ബെംഗളൂരു ∙ ബിജെപി നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബി.ശ്രീരാമുലുവിനെതിരെ ‘രാഷ്ട്രീയ വഴികാട്ടി’ ജി.ജനാർദന റെഡ്ഡി എംഎൽഎ തിരിഞ്ഞതോടെ കർണാടകയിൽ പാർട്ടിയിലെ ഭിന്നത രൂക്ഷമായി. ഇരുവരും തമ്മിൽ വാഗ്വാദം കടുത്തതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് താക്കീതു നൽകി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയ്ക്കെതിരെ ബസനഗൗഡ പാട്ടീൽ യത്നൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം പ്രതിഷേധം ശക്തമായതിനു പിന്നാലെയാണു നേതൃത്വത്തിന് തലവേദനയായി പുതിയ പോര്.
21ന് നിർവാഹക സമിതി യോഗത്തിനിടെ നേതാക്കൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച ശ്രീരാമുലു രാജിഭീഷണി മുഴക്കിയിരുന്നു. സന്ദൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ബംഗാരു ഹനുമന്തയുടെ പരാജയത്തിനു പിന്നിൽ ശ്രീരാമുലുവാണെന്നാണ് യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. ടിക്കറ്റ് നിഷേധിച്ചതാണ് ശ്രീരാമുലുവിനെ എതിർപക്ഷത്താക്കിയത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇ.തുക്കാറാമിനോട് ശ്രീരാമുലു പരാജയപ്പെട്ടിരുന്നു. തുടർന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുക്കാറാം ബെള്ളാരി എംപിയായതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
തുടർന്ന് തുക്കാറാമിന്റെ ഭാര്യ അന്നപൂർണയെ കോൺഗ്രസ് കളത്തിലിറക്കി വിജയിപ്പിച്ചു. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിനോട് ജനാർദന റെഡ്ഡി തന്നെപ്പറ്റി സംസാരിച്ചതിനാലാണ് ഈ വിഷയം നിർവാഹക സമിതി ചർച്ച ചെയ്തതെന്ന് ശ്രീരാമുലു ആരോപിച്ചു. ഇതിനു മറുപടിയായാണ്, ശ്രീരാമുലുവിനെ അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും പാതയിൽ നിന്ന് രാഷ്ട്രീയ വഴിയിലേക്ക് നയിച്ചതു തെറ്റായിപ്പോയെന്ന് ജനാർദന റെഡ്ഡി പറഞ്ഞത്. െബള്ളാരിയിൽ ബിജെപിയെ പിളർത്തിയത് റെഡ്ഡിയാണെന്ന് ശ്രീരാമുലു തിരിച്ചടിച്ചു. അനന്തരവൻ സുരേഷ് ബാബുവിനെ രാഷ്ട്രീയമായി വകവരുത്താൻ കാംപ്ലിയിൽ ബിജെപിയെ പിളർത്തിയത് റെഡ്ഡിയാണ്. സ്വന്തം സഹോദരൻ ജി.സോമശേഖര റെഡ്ഡിയെ രാഷ്ട്രീയമായി ഒതുക്കിയെന്നും ആരോപിച്ചു.
പുതിയ അധ്യക്ഷൻ വരുമോ?
ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഫെബ്രുവരി ആദ്യവാരം തിരഞ്ഞെടുത്തേക്കും. ഇതിന്റെ ഭാഗമായി ജില്ല, മണ്ഡലം, ബൂത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇവരിൽ കൂടുതൽ പേരുടെ പിന്തുണ ലഭിക്കുന്നയാളാകും പ്രസിഡന്റാകുക. മുൻ വർഷങ്ങളിൽ എതിരില്ലാതെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബസനഗൗഡ പാട്ടീൽ യത്നൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം രംഗത്തുണ്ട്. തിരഞ്ഞെടുപ്പുണ്ടായാൽ സ്ഥാനാർഥിയെ നിർത്തുമെന്നും ഇവർ വ്യക്തമാക്കി. എംഎൽഎമാരും എംപിമാരും ഉൾപ്പെടെ കൂടുതൽ ജനപ്രതിനിധികളുടെ പിന്തുണ നേടാനായത് സ്ഥാനത്ത് തുടരാനുള്ള വിജയേന്ദ്രയുടെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. തർക്കം രൂക്ഷമായാൽ സമവായ സ്ഥാനാർഥിയെ ദേശീയ നേതൃത്വം നിർദേശിക്കാനും സാധ്യതയുണ്ട്.