സിസേറിയന് തിരക്കുകൂട്ടി ഇന്ത്യൻ ദമ്പതികൾ; ഫെബ്രുവരി 20ന് മുൻപ് ട്രംപിന്റെ ഉത്തരവ് മറികടക്കാൻ ശ്രമം

Mail This Article
ന്യൂയോർക്ക്∙ യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവു മറികടക്കാൻ സിസേറിയനായി ഇന്ത്യൻ ദമ്പതികൾ തിരക്കുകൂട്ടുന്നതായി റിപ്പോർട്ട്. യുഎസ് പൗരത്വമില്ലാത്തവരോ ഗ്രീൻ കാർഡ് ഇല്ലാത്തവരോ ആയ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നൽകുന്ന നിയമമാണ് റദ്ദാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ളത്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുൻപ് സിസേറിയനിലൂടെയെങ്കിലും കുട്ടികൾക്കു ജന്മം നൽകാനുള്ള സാധ്യതയാണ് ആളുകൾ തിരക്കുന്നത്.
എട്ട്, ഒന്‍പതു മാസം ഗർഭിണികളായ ഇന്ത്യക്കാര്‍ സിസേറിയൻ നടത്താനാകുമോ എന്നു ചോദിച്ച് സമീപിക്കുന്നുണ്ടെന്ന് യുഎസിലെ ഗൈനക്കോളജിസ്റ്റുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസം തികയുന്നതിനുമുൻപു പ്രസവിക്കുന്നതിൽ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പൂർണ വളർച്ചയെത്താത്ത ശ്വാസകോശം, പാലുകുടിക്കുന്നതിനുള്ള ബുദ്ധിമുട്ട്, തൂക്കക്കുറവ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി നിരവധി സങ്കീർണതകൾ മാസം തികയാതെ കുട്ടിയെ പുറത്തെടുക്കുമ്പോൾ ഉണ്ടാകും. രണ്ടു ദിവസത്തിനുള്ളിൽ 15 - 20 ദമ്പതികളോട് ഇക്കാര്യം സംസാരിച്ചുവെന്നാണ് ഒരു ഡോക്ടർ പറഞ്ഞത്.
എച്ച്1ബി, എൽ1 വീസകളിൽ യുഎസിലെത്തിയ ഇന്ത്യക്കാർക്കിടയിലാണ് പേടിയുടലെടുത്തിരിക്കുന്നത്. വർഷങ്ങളോളം യുഎസിൽ സ്ഥിരതാമസത്തിനു തയാറെടുത്തിരുന്നവരാണു മിക്കവരും. ഗ്രീൻ കാർഡ് ഉള്ളവരെ ട്രംപിന്റെ നീക്കം ബാധിക്കില്ല. ഇവർക്ക് യുഎസിൽ വച്ച് കുട്ടികളുണ്ടായാൽ ഫെബ്രുവരി 20 കഴിഞ്ഞാലും അമേരിക്കൻ പൗരത്വം ലഭിക്കും. എന്നാൽ ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാലതാമസം വർഷങ്ങളാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. തൊഴിൽ വീസയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളെ ഇതു ബാധിക്കും. ഇവർക്ക് തിരിച്ചുപോരേണ്ടി വരികയോ യുഎസിൽ കഴിയാൻ വീസയ്ക്ക് അപേക്ഷിക്കേണ്ടി വരികയോ ചെയ്യേണ്ടിവരും.