ADVERTISEMENT

ന്യൂഡൽഹി ∙ എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിതുടങ്ങി. റിപ്പബ്ലിക്ക് ദിന പരേഡ‍ിൽ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യങ്ങളുടെ മിനുക്കു പണികൾ അവസാനഘട്ടത്തിലാണ്.

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ നിശ്ചല ദൃശ്യത്തിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം. കരയില്‍നിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്. വ്യോമാക്രമങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം- നേത്ര, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 155 എംഎം പീരങ്കി, ഡ്രോണ്‍ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഇവയെല്ലാം ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇടം പിടിച്ചിട്ടുണ്ട്. 

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിൽ 14 മലയാളി സൈനികരാണുള്ളത്. ഹവിൽദാർമാരായ കെ.പി. ഷിബിൻ, അനൂപ് ചന്ദ്രൻ, രോഹിത്, പ്രിജേഷ് നാഥ്, ആർ. മഹേഷ്,  എസ്.എം. ശംഭു, അരുൺ ദാസ്, അരുൺജിത്, എ. ദീപക് , അഖിനേഷ്, അമൽ അജയൻ, വിഷ്ണു, രാജേഷ്, പി.ബി. രമേശ് എന്നിവരാണ് പരേഡിലെ മലയാളികൾ. തിരുവനന്തപുരം സ്വദേശി ലഫ് കേണൽ യു. ഗിരീഷ് കുമാറാണ് ബാൻഡ് സംഘത്തെ നയിക്കുന്നത്. 

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരായ പാപ്പനൂർ ഗോപാൽ ബാബു, സിജോ ചേലേക്കാട്ട്, കെ.എസ്. ബിജോയ്, വിവേക് പുന്നത്ത് എന്നിവരാണ് കോസ്റ്റ്ഗാർഡിന്റെ ബാൻഡ് സംഘത്തെ നയിക്കുന്നത്. ബീറ്റിങ് ദി റിട്രീറ്റ് സെറിമണിയിലെ ബാൻഡ് സംഘത്തിന്റെ പ്രിൻസിപ്പൽ കണ്ടക്ടർ നാവികസേന ഉദ്യോഗസ്ഥനായ കമാൻഡർ മനോജ് സെബാസ്റ്റ്യനാണ്. ‌സിആർപിഎഫിന്റെ പരേഡ് സംഘത്തെ നയിക്കുന്നത് എറണാകുളം സ്വദേശി അസി.കമാൻഡഡ് ഐശ്വര്യ ജോയ് ആണ്. സംഘത്തിന്റെ പരിശീലന ചുമതല പന്തളം സ്വദേശി അസിസ്റ്റ് കമാൻഡഡ് മേഘാ നായർക്കാണ്. കഴിഞ്ഞവർഷം സിആർപിഎഫ് സംഘത്തെ നയിച്ചത് മേഘയായിരുന്നു.

English Summary:

India's 76th Republic Day: Delhi on High Security

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com