കേരളം ശ്രദ്ധിക്കുമോ ? ഡെങ്കിവ്യാപനം മുൻകൂട്ടി പ്രവചിക്കാൻ മാതൃകയുമായി ഗവേഷകർ

Mail This Article
പത്തനംതിട്ട ∙ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നുള്ള കണക്കുകളുണ്ടെങ്കിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ മുൻകൂര്‍ മുന്നറിയിപ്പു സംവിധാനം ഒരുക്കാം, പറയുന്നത് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ പാലാ സ്വദേശിയായ ഡോ. റോക്സി മാത്യു കോളും കൊച്ചി സ്വദേശിയായ ഗവേഷക സോഫിയ യാക്കോബും. കാരണം 2023 ൽ മാത്രം ഡെങ്കി ബാധിച്ചു കേരളത്തിൽ ഏകദേശം 150 പേർ മരിച്ചു.
ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രോഗസാഹചര്യം മുൻകൂട്ടി പ്രവചിക്കാൻ എഐ സഹായത്തോടെ കാലാവസ്ഥാ പ്രവചന മാതൃകയും ഇവർ രൂപപ്പെടുത്തി. ആരോഗ്യ രംഗത്ത് മുൻപന്തിയിലെന്ന് അവകാശപ്പെടുന്ന കേരളത്തിൽപ്പോലും മനുഷ്യജീവന് ഭീഷണി ഉയർത്തി ഡെങ്കി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഡോ. റോക്സിയും സോഫിയയും ചേർന്നു നടത്തിയ പഠനം സംസ്ഥാന ആരോഗ്യവകുപ്പിനുള്ള മുന്നറിയിപ്പു കൂടിയായി.
5 മാസം കഴിയുന്നതോടെ മഴയെത്തും. മഴക്കാല പൂർവ ശുചീകരണം നടത്തി കൊതുകുകളുടെ ഉറവിടങ്ങളും മുട്ടവിരിയാൻ സാധ്യതയുള്ള വെള്ളക്കെട്ടുകളും ശുചീകരിക്കണം. ആശുപത്രികളിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കണം. മുന്നറിയിപ്പു നൽകാൻ കാലാവസ്ഥാ വകുപ്പും ഈ വര്‍ഷം മുതൽ രംഗത്തുണ്ടാകും. സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും പക്ഷേ ഇതിനോട് എത്രത്തോളം സഹകരിക്കും എന്ന കാര്യത്തിൽ ആശങ്കകളുണ്ട്.

ഡെങ്കിമരണ നിരക്ക് സമീപ ഭാവിയിൽ 13 % വർധിക്കും
മഴയും ഉഷ്ണവും മാറിമാറി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിൽ 2030 ആകുമ്പോഴേക്കും ഡെങ്കി മരണനിരക്ക് 13%, 2050 ആകുമ്പോഴേക്കും 40%, 2080 ആകുമ്പോഴേക്കും 112% എന്നിങ്ങനെ വർധിക്കാൻ സാധ്യതയുണ്ട്. ഈ കണക്കുകളെയാണ് കേരളം പേടിക്കേണ്ടതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 27 ഡിഗ്രി ചൂടും 60–78 % അന്തരീക്ഷ ആർദ്രതയുമാണ് ഡെങ്കി വൈറസിന്റെ വാഹകരായ കൊതുകു പെരുകാൻ അനുകൂല സാഹചര്യം ഒരുക്കുന്നത്.
15 സെമീയിൽ കൂടുതൽ തീവ്രമഴ പെയ്താൽ കൊതുകു ലാർവ ഒഴുകിപ്പോകും. ജൂൺ– സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്ത് എവിടെയെല്ലാം ഡെങ്കി പരക്കും എന്ന വിവരം 2 മാസം മുമ്പേ പ്രവചിക്കാനാവുമെന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിലും അടുത്ത സീസൺ മുതൽ ഇത് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പുകൾക്ക് തയാറെടുപ്പു നടത്താനാവും. പക്ഷേ ആരോഗ്യ വകുപ്പുകൾ പലയിടത്തും യഥാർഥ ഡെങ്കി കേസുകൾ വേണ്ടതുപോലെ രേഖപ്പെടുത്തുന്നില്ലെന്നും പഠനം പറയുന്നു.
കഴിഞ്ഞ മഴക്കാലത്ത് കുടുംബത്തിൽ തന്നെ ഡെങ്കിപ്പനി ബാധിച്ചത് ഇത്തരമൊരു പഠനത്തിനു പ്രേരണയായതായി ഡോ. റോക്സി പറഞ്ഞു. പഠനത്തിന് ആവശ്യമായ കണക്കുകൾ ചില സംസ്ഥാനങ്ങൾ പങ്കുവച്ചത് ഏറെ സഹായകമായി. ഡേറ്റ ഉണ്ടായിട്ടും കേരളത്തിലെ ആരോഗ്യവകുപ്പ് വിവരങ്ങൾ കാര്യമായി പങ്കുവച്ചില്ല. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ഗവേഷണ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.