സർക്കാർ ഉദ്യോഗസ്ഥർ ഉത്തരവുകൾ ലംഘിച്ചാൽ അരാജകത്വം; അമ്പരപ്പെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൂറ്റൻ ഫ്ലക്സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ച വിഷയത്തിലായിരുന്നു കോടതിയുടെ പരാമർശം.
ഇത്തരമൊരു ഉത്തരവ് ഉണ്ടെന്നറിഞ്ഞിട്ടും അനധികൃതമായി ഫ്ലക്സും ബോർഡും സ്ഥാപിക്കാൻ തുനിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് അഡീ. സെക്രട്ടറി പദവി വഹിക്കുന്നയാളാണ്. ഇത് അമ്പരപ്പിക്കുന്നു. ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സർക്കാർ ഉത്തരവുകൾ ലംഘിച്ചാൽ അവിടെ അരാജകത്വമായിരിക്കും ഉണ്ടാവുക. അസോസിയേഷന്‍ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് റിപ്പോർട്ടിനെ തുടർന്ന് എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കുന്നംകുളം നഗരസഭ അധ്യക്ഷയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സൂചനയും കോടതി നൽകി. രാജിവയ്ക്കണോ കോടതിയലക്ഷ്യം നേരിടണോ എന്ന് അധ്യക്ഷയ്ക്ക് തീരുമാനിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. കോടതിയലക്ഷ്യത്തിനു പുറമെ കള്ളം പറഞ്ഞു എന്നും തെളിഞ്ഞിരിക്കുകയാണ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ ഹാജരാകണമെന്നും ബാക്കി നടപടികളിലേക്ക് അപ്പോള്‍ കടക്കുമെന്നും കോടതി വ്യക്തമാക്കി.
അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യാനുള്ള കോടതിയുടെ അന്ത്യശാസനത്തിനു പിന്നാലെ കുന്നംകുളം നഗരസഭ സെക്രട്ടറി ഇതു നടപ്പാക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ രംഗത്തുവന്നു. പിന്നാലെ സർവകക്ഷി യോഗം വിളിച്ചു തുടർ നടപടികൾ പിന്നീട് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ബോർഡുകൾ മാറ്റുന്നത് ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ നൽകിയ കത്താണ് ചെയർപേഴ്സന് കുരുക്കായത്.
കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്ക്കാൻ കത്തു നൽകിയ നഗരസഭാധ്യക്ഷയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തി. ഇതാണ് ഇന്ന് പരിഗണിച്ചത്. എന്നാൽ കോടതിയിൽ നൽകിയ വിശദീകരണത്തിൽ താൻ ഇത്തരമൊരു ഉത്തരവുള്ളതായി അറിഞ്ഞിരുന്നില്ല എന്ന് അധ്യക്ഷ പറഞ്ഞിട്ടുള്ളതും ഇന്ന് കോടതി ചോദ്യം ചെയ്തു.