ഭർത്താവിന് പിന്നാലെ ഭാര്യയും; കേരള സർവകലാശാലയുടെ വാഹനം ദുരുപയോഗം ചെയ്ത് പി.കെ.ബിജുവിന്റെ ഭാര്യ

Mail This Article
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ ഔദ്യോഗിക വാഹനങ്ങൾ സിൻഡിക്കേറ്റ് അംഗമായ പി.കെ. ബിജു ദുരുപയോഗം ചെയ്യുന്നു എന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ ബിജുവിന്റെ ഭാര്യയ്‌ക്കെതിരെയും പരാതി. കേരള സർവകലാശാലയുടെ വാഹനം ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിച്ച വിജി വിജയൻ ദുരുപയോഗം ചെയ്യുന്നെന്നാണ് കണ്ടെത്തൽ. ഔദ്യോഗിക വാഹനം എകെജി സെൻററിനു സമീപമുള്ള വസതിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കാര്യവട്ടം സർവകലാശാല ക്യാംപസിലേക്കു ദിവസേന യാത്രയ്ക്കായാണ് വിജി ഉപയോഗിക്കുന്നത്.
സർവകലാശാലയിൽ വിവർത്തനാത്മക ഗവേഷണം ലക്ഷ്യമാക്കി പുതുതായി ആരംഭിച്ച ‘ട്രിക്ക്’ എന്ന സെന്ററിന്റെ ജോയിന്റ് ഡയറക്ടർ ആയി വിജി വിജയന് അധിക ചുമതല നൽകിയതിനു പിന്നാലെയാണിത്. സീനിയർ പ്രഫസറായ ഐക്യുഎസി ഡയറക്ടർക്ക് അനുവദിച്ച വാഹനം വിജി വിജയന്റെ ആവശ്യപ്രകാരം സെന്ററിന്റെ ഉപയോഗത്തിനു വിട്ടുകൊടുക്കാൻ റജിസ്ട്രാർ ഉത്തരവ് നൽകുകയായിരുന്നു. സർവകലാശാലയിൽ പ്രവർത്തിക്കുന്ന മറ്റു സെന്ററുകൾക്കൊന്നും വാഹന സൗകര്യം അനുവദിച്ചിട്ടില്ല. സീനിയർ പ്രഫസർമാർക്കും അസോസിയേറ്റ് പ്രഫസർമാർക്കും മാത്രം സെന്ററുകളുടെ ചുമതല നൽകുമ്പോൾ ജൂനിയർ ആയ വിജി വിജയനു ‘ട്രിക്ക്’ എന്ന പുതുതായി ആരംഭിച്ച സെന്ററിന്റെ ചുമതല നൽകിയതിൽ സീനിയർ അധ്യാപകർക്കിടയിൽ അമർഷമുണ്ട്.
ഗവേഷണ ഡാറ്റാ തട്ടിപ്പ് നടത്തിയതായി ആരോപണവിധേയായ അധ്യാപികയ്ക്ക് ഒരു ഗവേഷണ സെന്ററിന്റെ ചുമതല നൽകിയത് സംബന്ധിച്ച പരാതി നിലനിൽക്കുമ്പോഴാണ് വാഹനദുരുപയോഗ ഉത്തരവും പുറത്തുവരുന്നത്. സ്റ്റാറ്റ്യുറ്ററി ഉദ്യോഗസ്ഥർക്കു മാത്രം അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനം വിസിയുടെ അറിവോ സമ്മതമോ കൂടാതെയാണ് വിജി വിജയനു റജിസ്ട്രാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവകലാശാല മറ്റ് സെന്ററുകളുടെ ഡയറക്ടർമാർക്കോ വകുപ്പുകളുടെ സീനിയർ പ്രഫസർമാർക്കോ പ്രത്യേക വാഹനസൗകര്യങ്ങൾ അനുവദിക്കാതിരിക്കുമ്പോൾ പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് രാഷ്ട്രീയ പ്രീതിക്കായി വാഹനം അനുവദിച്ച റജിസ്ട്രാറുടെ നടപടി പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി വൈസ് ചാൻസലർക്ക് നിവേദനം നൽകി.