കെ.കെ.രമയുടെ മകൻ വിവാഹിതനായി; ചടങ്ങിനെത്തി സുരേഷ് കുറുപ്പ്, വിട്ടുനിന്ന് സിപിഎമ്മിലെ പ്രമുഖർ

Mail This Article
വടകര∙ കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊന്നരയ്ക്കു വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തി.
ചടങ്ങിൽ കോൺഗ്രസ് നേതാക്കൻമാരുടെ വലിയ നിര പങ്കെടുത്തപ്പോൾ സിപിഎമ്മിലെ പ്രമുഖർ വിട്ടുനിന്നു. സ്പീക്കർ എ.എൻ.ഷംസീർ, യു.പ്രതിഭ എംഎൽഎ, സുരേഷ് കുറുപ്പ്, നികേഷ് കുമാർ, എ.പ്രദീപ് കുമാർ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്ത സിപിഎം പ്രമുഖർ. മന്ത്രി ചിഞ്ചു റാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ സിപിഐയിലെ നേതാക്കൾ ചടങ്ങിനെത്തി. സിപിഐയിലെ ജില്ലാ പ്രാദേശിക നേതാക്കൾ വിവാഹത്തിനെത്തിയപ്പോൾ സിപിഎമ്മിലെ നാമമാത്രമായ പ്രാദേശിക നേതാക്കൾ മാത്രമാണ് എത്തിയത്. ടി.പിയുടെ മകൻ ആർ.സി.അഭിനന്ദ് ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ, കെ.വി. പ്രസന്ന എന്നിവരുടെ മകളായ റിയ ഹരീന്ദ്രനെയാണ് വിവാഹം ചെയ്തത്.

സുരേഷ് കുറുപ്പ് വിവാഹത്തിനെത്തിയതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എടുത്തതായിരുന്നുവെന്ന് സുരേഷ് കുറുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞതും ചർച്ചയായിരുന്നു. പാർട്ടിയിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നതിനിടെയാണ് വിവാഹത്തിനെത്തിയത്.

ടി.പി വധക്കേസ് പ്രതിയായ കെ.കെ. മുഹമ്മദ് ഷാഫിയുടെ വീട്ടിലെ ചടങ്ങിൽ എ.എൻ. ഷംസീർ പങ്കെടുത്തത് വിവാദമായിരുന്നു. അന്ന് ഷംസീർ സ്പീക്കർ ആയിരുന്നില്ല. സ്പീക്കർ എന്ന നിലയ്ക്കാണ് ഷംസീർ കെ.കെ.രമയുടെ മകന്റെ വിവാഹത്തിന് എത്തിയത്. എ. പ്രദീപ് കുമാർ ടി.പിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. യു. പ്രതിഭയോടും നികേഷിനോടും വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് രമ.
മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ വിവാഹത്തിനു വിളിച്ചുവെന്ന് കെ.കെ.രമ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ നേരിട്ടുകണ്ടാണ് ക്ഷണിച്ചത്. ടി.പിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും വിളിച്ചുവെന്നും രമ അറിയിച്ചിരുന്നു. അതേ സമയം, യുഡിഎഫിലെ പ്രമുഖ നേതാക്കൻമാർ എല്ലാം എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, മാണി സി. കാപ്പൻ, പി.കെ. ബഷീർ, ബിന്ദു കൃഷ്ണ, സി.പി. ജോൺ എന്നിവർ പങ്കെടുത്തു.