‘ഞങ്ങൾ പാവങ്ങളാണ്, അനധികൃതമായി വന്നതു കൊണ്ട് ലക്ഷ്യമിടാൻ എളുപ്പം; സിസിടിവി ദൃശ്യത്തിലുള്ളത് മകനല്ല’

Mail This Article
കൊൽക്കത്ത ∙ മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദ് കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.
‘‘പ്രതിയാണെന്ന് സംശയിച്ചാണ് എന്റെ മകനെ അവർ അറസ്റ്റ് ചെയ്തത്. പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആൾ അവനല്ല. ചില സാമ്യതകൾ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനാൽ അവനെ ലക്ഷ്യമിടാൻ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആൾക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാൽ ഷെരിഫുൽ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യാറുള്ളത്. ഞങ്ങൾ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുൽ ബംഗ്ലദേശിൽ ബൈക്ക് ടാക്സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഷെരിഫുൽ ഖാലിദ സിയയെ പിന്തുണക്കുന്നതിനാൽ വലിയ എതിർപ്പ് നേരിട്ടു. അതോടെ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു” -പിതാവ് രോഹുൽ അമീൻ പറഞ്ഞു.
‘‘ഷെരിഫുൽ ഇന്ത്യയിലേക്ക് കടന്നത് എങ്ങനെയെന്ന് അറിയില്ല. അവനെ പോലെ മറ്റുപലരും അതിർത്തി കടന്നിരുന്നു. ഇന്ത്യയിൽ കടന്നതിനു പിന്നാലെ ബംഗാളിലെത്തി ഏതാനും ദിവസം അവിടെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. അതിനു ശേഷം മുംബൈയിലെത്തി ബാറിൽ ജോലി ചെയ്തു. നാട്ടുകാരിൽ ഒരാളെ അവിടെ കണ്ടുമുട്ടിയെങ്കിലും കൂടെ താമസിപ്പിക്കാൻ അയാൾ തയാറായില്ല. സെയ്ഫിനു കുത്തേറ്റ് മൂന്നു ദിവസത്തിനു ശേഷം വീട്ടിലേക്ക് ഷെരിഫുൽ 10,000 ടാക്ക അയച്ചുനൽകിയിരുന്നു. ഷെരിഫുലിന് കവർച്ച നടത്താനോ ആരെയെങ്കിലും ആക്രമിക്കാനോ കഴിയില്ല. ഞങ്ങൾക്ക് നീതി വേണം’’ – പിതാവ് പറഞ്ഞു.
രോഹുൽ അമീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് ഷെരിഫുൽ. മൂത്തയാൾ ധാക്കയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇളയ മകൻ സ്കൂൾ വിദ്യാർഥിയാണ്. ഖുൽനയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീൻ. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുൽ പത്താംക്ലാസിൽ പഠനം നിർത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.