നിതീഷിന്റെ മകൻ നിഷാന്ത് രാഷ്ട്രീയത്തിലേക്ക് ?; ആദ്യമായി പൊതുവേദിയിൽ, വിവരമില്ലെന്ന് തേജസ്വി യാദവ്

Mail This Article
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചു ജെഡിയു മന്ത്രി ശ്രാവൺ കുമാറും എതിർപ്പുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. കഴിഞ്ഞയാഴ്ച നിതീഷ് കുമാറിനൊപ്പം മകൻ നിഷാന്ത് ബക്ത്യാർപുരിലെ പൊതുചടങ്ങിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
രാഷ്ട്രീയത്തിൽ നിന്നകന്നു നിന്നിരുന്ന നിഷാന്ത് ആദ്യമായാണൊരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. നിതീഷ് കുമാറിന്റെ പിതാവ് കവിരാജ് രാംലഖൻ സിങ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളിൽ പുഷ്പഹാരം അണിയിക്കുന്ന ചടങ്ങിനിടെ നിഷാന്ത് മാധ്യമങ്ങളോടു സംസാരിച്ചു. ബിഹാറിന്റെ വികസനത്തിനുള്ള സംഭാവനകൾ കണക്കിലെടുത്ത് നിതീഷ് കുമാറിനു വോട്ടു ചെയ്യണമെന്നു നിഷാന്ത് ജനങ്ങളോട് അഭ്യർഥിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മുത്തച്ഛൻ കവിരാജ് വഹിച്ച പങ്കും നിഷാന്ത് അനുസ്മരിച്ചു.
നിഷാന്ത് കുമാറിനെ പോലുള്ള യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന വാദവുമായി ജെഡിയു മന്ത്രി ശ്രാവൺ കുമാർ പിന്തുണച്ചത് ഇക്കാര്യത്തിൽ നിതീഷിന് എതിർപ്പില്ലെന്നതിന്റെ സൂചനയായി. ബിഹാറിൽ വികസനമുണ്ടായെന്ന നിഷാന്തിന്റെ അഭിപ്രായം യഥാർഥ സ്ഥിതിഗതികളെ കുറിച്ചു വിവരമില്ലാത്തതിനാലാണെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. മക്കൾ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനായിരുന്ന നിതീഷ് കുമാറിനു മനംമാറ്റമുണ്ടോയെന്ന ചോദ്യവും എതിർചേരിയിൽ നിന്നുയരുന്നുണ്ട്.