‘കുടിവെള്ളം പോലും കിട്ടാത്ത സ്ഥലം; വരാൻ പോകുന്നത് നിരവധി പ്ലാന്റുകൾ, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി’

Mail This Article
കോഴിക്കോട്∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നതു മുഖ്യമന്ത്രി തന്നെ നേരിട്ടു നടത്തുന്ന അഴിമതിയാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് ഈ കമ്പനിയെ വിളിച്ചുകൊണ്ടുവന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റൊരു മദ്യനിർമാണക്കമ്പനിയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
‘‘കുടിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും പോലും വെള്ളം കിട്ടാത്ത സ്ഥലമാണ് എലപ്പുള്ളി. ഇവിടെ ഒരു പ്ലാന്റല്ല, ഒട്ടേറെ പ്ലാന്റുകളാണ് വരാൻ പോകുന്നത്. കർഷകരും ജനങ്ങളും നേരിടാൻ പോകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ ഓയിൽ കമ്പനികൾ അംഗീകാരം നൽകിയ കമ്പനിയാണ് ഒയാസിസ് എന്നാണ് സർക്കാർ പറയുന്നത്. എഥനോൾ നിർമാണത്തിനു വേണ്ടി ടെൻഡർ ക്ഷണിച്ചപ്പോൾ ഇവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നത് ശരിയാണ്. എന്നാൽ എഥനോൾ മൂന്നാംഘട്ടമായാണു നിർമിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശ മദ്യവും അതിനുള്ള ബോട്‌ലിങ് പ്ലാന്റും ഡിസ്റ്റലറിയും മറ്റുമാണ് ഇപ്പോൾ നിർമിക്കുന്നത്.
ഡൽഹി മദ്യദുരന്തക്കേസിൽ ഒയാസിസ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ പ്രതിയാണ്. പഞ്ചാബിൽ ഇവർക്കെതിരെ ജലമലിനീകരണം നടത്തിയതിനു ഒട്ടേറെ കേസുകളുണ്ട്. ഈ കമ്പനിയെ ആരാണ് വിളിച്ചുകൊണ്ടുവന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1999ൽ ഇനി കേരളത്തിൽ മദ്യനിർമാണ യൂണിറ്റ് വേണ്ട എന്ന് തീരുമാനിച്ചു. 2018ൽ മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ അതിനെ ശക്തമായി എതിർത്തു. മദ്യനയത്തിൽ മാറ്റമില്ലെന്ന് സഭയിൽ ഉന്നയിച്ചു. ഇപ്പോൾ മദ്യനയത്തിൽ മാറ്റം വരുത്തി ഈ കമ്പനിക്ക് നിർമാണത്തിന് അനുമതി കൊടുക്കുന്നത് വളരെ ബോധപൂർമായ അഴിമതിയാണ്’’– ചെന്നിത്തല പറഞ്ഞു.
സിപിഐ ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്. പ്ലാച്ചിമട സമരത്തിൽ മുന്നിൽ നിന്നത് സിപിഐയും വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. വീരേന്ദ്രകുമാറിന്റെ പാർട്ടി ഒരക്ഷരം മിണ്ടിയില്ല. ഇവരുടെ നിലപാട് അറിയാൻ താൽപര്യമുണ്ട്. പഞ്ചായത്തിന്റെ പോലും അനുമതി തേടാതെ പ്ലാന്റ് നിർമിക്കാനുള്ള നീക്കത്തെ തടയുമെന്നും ചെന്നിത്തല പറഞ്ഞു.