കടുവാ ഭീതിയിൽ മാനന്തവാടി, ബ്രൂവറിയിൽ വീണ്ടും വിവാദം; മൊബൈൽ പരീക്ഷാ ഹാളിന് പുറത്ത് – പ്രധാനവാർത്തകൾ
.jpg?w=1120&h=583)
Mail This Article
വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നതും സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവുമായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. പിന്നാലെ സംഭവത്തിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. അനുനയത്തിന് എത്തിയ മന്ത്രി ഒ.ആർ.കേളുവിനും ജനരോഷം നേരിടേണ്ടി വന്നു. ജനം മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് മന്ത്രിയെ സ്ഥലത്തു നിന്നും മാറ്റിയത്.
ബ്രൂവറി വിവാദം വീണ്ടും ആളിക്കത്തുന്ന കാഴ്ചയാണ് കേരളം ഇന്നു കണ്ടത്. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നതു മുഖ്യമന്ത്രി തന്നെ നേരിട്ടു നടത്തുന്ന അഴിമതിയാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റൊരു മദ്യനിർമാണക്കമ്പനിയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് 351(2) വകുപ്പു പ്രകാരമാണ് കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് സാന്ദ്രയുടെ ആരോപണം. ഹേമ കമ്മിറ്റിയിൽ പ്രതികൾക്കെതിരെ മൊഴി നൽകിയതിന്റെ വിരോധത്തിൽ ഫെഫ്ക ജനറല്‍ സെക്രട്ടറിയും മറ്റു ഭാരവാഹികളായ പ്രതികളും ചേർന്ന് 2024 ഓഗസ്റ്റ് 28 മുതൽ തൊഴിൽ മേഖലയിൽനിന്നു മാറ്റിനിർത്തിയെന്നാണ് പരാതി.
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.