‘കടുവയെ കൊന്ന് ജഡം കാണിക്കണം, ഞങ്ങൾക്ക് ഇനിയും പണിക്കു പോകണം’; പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ

Mail This Article
മാനന്തവാടി∙ കടുവയെ കൊന്നശേഷം ജഡം തങ്ങൾക്ക് കാണിച്ചു തരണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികളായ സ്ത്രീകൾ. പഞ്ചാരക്കൊല്ലിയിൽ രാധയുടെ മൃതദേഹം സൂക്ഷിച്ച എസ്റ്റേറ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തിയ സ്ത്രീകളാണ് കടുവയെ കൊന്ന് ജഡം കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘‘ ഞങ്ങൾക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനംവകുപ്പ്, കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്ത് വിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തിൽനിന്നു ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാര കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കാണ് നൽകുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടാലും ഒരു കുഴപ്പവുമില്ല. രാധയുടെ മക്കൾക്ക് ഇന്ന് അമ്മയില്ലാതായി. ജീവൻ പണയം വച്ചാണ് എസ്റ്റേറ്റിൽ പണിയെടുക്കുന്നത്. നരഭോജിയെ കൊല്ലുകയല്ലാതെ യാതൊരു പരിഹാരവും ഇല്ല’’ – സ്ത്രീ തൊഴിലാളികൾ പറഞ്ഞു.
അതേസമയം, കടുവയെ വെടിവച്ചു കൊല്ലുമെന്ന് മിന്നൽ വേഗത്തിൽ അറിയിപ്പു വന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചു കൊല്ലുകയോ ചെയ്യുമെന്ന് അറിയിച്ചത്. ജനരോഷം ഭയന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ എത്രയും പെട്ടന്ന് അറിയിപ്പ് നൽകിയത്. മുമ്പും സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ ഉത്തരവിറക്കാൻ വനംവകുപ്പ് മടിച്ചു. ഇതോടെ ജനം അക്രമങ്ങളിലേക്ക് കടക്കുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യം മുന്നിൽ കണ്ടാണ് വനംവകുപ്പ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം വരെ വനംവകുപ്പ് നിയമവശം പറഞ്ഞ് ഉരുണ്ടുകളിക്കുകയായിരുന്നു പതിവ്. അതിന് വലിയ വില കൊടുക്കേണ്ടതായും വന്നു.
സംഭവ സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ. കേളു ആളുകളെ അനുനയിപ്പിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രകോപിതരായി. മന്ത്രിയെ കയ്യേറ്റം ചെയ്യുമെന്നായതോടെ പൊലീസ് ഇടപെട്ട് മന്ത്രിയെ മാറ്റി. ഇതോടെ കൂടുതൽ ന്യായീകരണത്തിന് നിൽക്കാതെ കടുവയെ വെടിവയ്ക്കാമെന്ന് വനംവകുപ്പ് ഉത്തരവിറക്കി. നഷ്ടപരിഹാരത്തുകയിൽ 5 ലക്ഷം ഇന്നു തന്നെ കുടുംബത്തിന് നൽകുമെന്നും അറിയിച്ചു. ഇതോടെയാണ് നാട്ടുകാർ അടങ്ങിയതും മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചതും. രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഒ.ആർ.കേളു പറഞ്ഞു. ആശ്രിതർക്ക് ജോലി നൽകും. വേലി നിർമാണം വേണ്ടി വന്നാൽ തദ്ദേശിയരെ ഏൽപ്പിക്കും. തോട്ടം തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കടുവയെ വെടിവയ്ക്കുക എന്നതാണ് വനംവകുപ്പിന്റെ മുന്നിലെ അടുത്ത വെല്ലുവിളി. കടുവയെ പിടികൂടാൻ പറ്റിയില്ലെങ്കിൽ വെടിവച്ചുകൊല്ലാനാണ് അറിയിപ്പ്. കടുവ ഇതിനു മുൻപ് വളർത്തുമൃഗങ്ങളെ കൊല്ലാത്തതിനാൽ ആരോഗ്യമുള്ളതാണെന്നാണ് അനുമാനം. പരുക്കേറ്റ കടുവകൾ കാടിറങ്ങിയാൽ വളർത്തുമൃഗങ്ങളെയാണ് ആദ്യം പിടിക്കുക. ആരോഗ്യമുള്ള കടുവയാണ് രാധയെ കൊന്നതെങ്കിൽ പിടികൂടുന്നത് ബുദ്ധിമുട്ടായിരിക്കും. മൃതദേഹത്തിന്റെ ബാക്കി ഭാഗം തിന്നാൻ കടുവ വന്നേക്കാം. എന്നാൽ മൃതദേഹം കാണാതെ വരുന്നതോടെ വീണ്ടും ഉൾക്കാട്ടിലേക്ക് തിരിച്ചുപോകാനാണ് സാധ്യത. ഏതു കടുവയാണ് കൊന്നതെന്ന് കണ്ടെത്തുക എന്നതും വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.